കരുനാഗപ്പള്ളി: തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുത്തു തോൽപ്പിക്കാൻ സ്ത്രീ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹ്റ മമ്പാട്. കത്വയിലെ പെൺകുട്ടിയും മഹാരാജാസിലെ അഭിമന്യുവും കണ്ണൂരിലെ ശുഹൈബും മത തീവ്രവാദത്തിന്റേയും രാഷ്ട്രീയ തീവ്രവാദത്തിന്റേയും ഇരകളാണ്.
ഓരോ അക്രമങ്ങളിലും ഒറ്റപ്പെടുന്നതും കഷ്ടപ്പെടുന്നതും സ്ത്രീകളാണെന്നതിനാൽ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് അവർ പറഞ്ഞു. നമുക്ക് മുന്നേറാം നേർരാഷ്ട്രീയത്തിന്റേ പച്ചപ്പിലേക്ക് പ്രമേയവുമായി വനിതാ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവുമായ പി. കുൽസു മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിനാ നിയാസി പ്രമേയ വിശദീകരണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വരവിള നവാസ്, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ജുബിന കെ.കമാൽ, ട്രഷറർ മീരാ റാണി, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫാ ബീവി എന്നിവർ പ്രസംഗിച്ചു.