ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

TCR-KUDALMANIKAMഇരിങ്ങാലക്കുട: സംഗമപുരിയുടെ ഉത്സവലഹരി നല്‍കി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. രാത്രി എട്ടിനും 8.30 നും മധ്യേ ക്ഷേത്രം തന്ത്രി നഗരമണ്ണ് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയാണ് ഉത്സവത്തിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുക. ഉത്സവത്തിന് പ്രാരംഭമായി ക്ഷേത്ര ശ്രീകോവിലിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെയും സോപാനത്തെയും ശുദ്ധീകരിക്കുന്ന പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു. ക്ഷേത്രത്തിന്റെ കണ്ണാടിത്തിണ്ണയില്‍ രാക്ഷോഘ്‌ന ഹോമം നടന്നു. വാസ്തുഹോമം, വാസ്തുകലശപൂജ എന്നിവയ്ക്കു ശേഷം വാസ്തു പുണ്യാഹം ചെയ്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠാബിംബത്തിന്റെ ശുദ്ധീകരണക്രിയകളും പൂര്‍ത്തിയായി.

വൈകീട്ട് ആചാര്യവരണം എന്ന ചടങ്ങോടെ കൊടിയേറ്റു കര്‍മങ്ങള്‍ ആരംഭിക്കും. വൈകീട്ട് ഏഴിന് ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു സമീപം ഉത്സവം നടത്താന്‍ അര്‍ഹ നായ തന്ത്രിയെ കൂറയും പവിത്രവും നല്‍കി സ്വീകരിക്കുന്ന ചടങ്ങാണ്  ആചാര്യവരണം. ക്ഷേത്രത്തിന്റെ ഊരാളന്‍ ആയി അവരോധിക്കപ്പെട്ട തച്ചുടകൈമളാണ് പണ്ട് ഈ ചടങ്ങ് നടത്തിയിരുന്നത്. കയ്മള്‍ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന് കുളമണ്ണില്‍ മൂസാണ് കൂറയും പവിത്രവും നല്‍കുന്നത്.

ക്ഷേത്രം തന്ത്രിമാരായ നഗരമണ്ണ്, അണിമംഗലം, തരണനെല്ലൂര്‍ എന്നീ ഗൃഹങ്ങളിലെ ഓരോ അംഗത്തിന് വീതമാണ് കൂറ-പവിത്രം നല്‍കുക. തിരുകൊച്ചി സംസ്ഥാന രൂപീകരണം നടന്ന് മഹാരാജസ്ഥാനം നഷ്ടപ്പെടുതുവരെ ഉത്സവത്തിനുള്ള വീരാളിപ്പട്ട് കൊടിക്കൂറ തിരുവിതാംകൂര്‍ മഹാരാജാവ് കൊടുത്തയക്കുകയാണ് പതിവ്. രാജാവിന്റെ പ്രതിപുരുഷനായി ക്ഷേത്രം ഭരിച്ചിരുന്നത് തച്ചുടയകൈമളാണ് തന്ത്രിമാര്‍ക്ക് കൂറയും പവിത്രവും കൈമാറുക എന്ന ചടങ്ങ് നടത്തിയിരുത്.

ആചാര്യ വരണത്തെ തുടര്‍ന്ന് കൊടിയേറ്റത്തിനുള്ള പ്രധാന ക്രിയകള്‍ ആരംഭിക്കും. പുണ്യാഹം ചെ യ്ത് ശുദ്ധീകരിച്ച് ദര്‍ഭ കൊണ്ടുള്ള കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവയിലേക്ക് ആവാഹിച്ച് പൂജിക്കും. പാണി കൊട്ടിക്കഴിഞ്ഞ് തന്ത്രിയും പരിവാരങ്ങളും പുറത്ത് വന്ന് കൊടിമരം പ്രദക്ഷിണം ചെയ്യും. പുണ്യാഹം തളിച്ചതിന് ശേഷം കൊടിമരപൂജ നടത്തി ദാനം ചെയ്ത് കൊടിയേറ്റും. ഉടനെ കൂത്തമ്പലത്തില്‍ കൂത്തിനായി മിഴാവ് കൊട്ടും. തുടര്‍ന്ന് അത്താഴപൂജ നടക്കും.

ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശുദ്ധിക്രിയകള്‍ക്ക് ഇന്ന് സമാപനമാകും. നെയ്യ് നിറച്ച സ്വര്‍ണകുടത്തിലെ ബ്രഹ്മകലശവും പഞ്ചഗവ്യം, തേന്‍, പാല്, തൈര്, കഷായം, നാല്‍പാമര തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച ഖണ്ഡബ്രഹ്മകലശങ്ങളും ശുദ്ധജലം നിറച്ച പരികലശങ്ങളും ഉച്ചപൂജ സ്‌നാനസമയത്ത് ദേവന് അഭിഷേകം ചെയ്യും. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ നടതില്‍ പ്രാസാദശുദ്ധിയാണ് ആദ്യം നടന്നത്.

ഗണപതി പൂജ നടത്തി ശ്രീകോവിലിന്റെ ഉള്ളിലും ഇടനാഴികളിലും പ്രാസാദത്തിലും ശുദ്ധിവരുത്തി പൂജിച്ചു. ശ്രീകോവിലിന് പുറത്ത് ദേവന്റെ വലതുഭാഗത്ത് രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശപൂജ എന്നിവ നടത്തി. തുടര്‍ന്ന് വാസ്തുകലശങ്ങള്‍ ആടി പുണ്യാ ഹം നടത്തിയശേഷം അത്താഴപൂജ നടക്കും. രാവിലെ ചതുഃശുദ്ധി പൂജിച്ച് എതൃത്തപൂജയ്ക്ക് ദേവന് അഭിഷേകം ചെയ്തു. ഉച്ചപൂജയ്ക്ക് മുമ്പായി ദേവനെ നാലുവേദങ്ങളും സപ്തശുദ്ധി, ശ്രീരുദ്രം, വിവിധ സൂക്തങ്ങള്‍ എന്നിവയോടെ പൂജിച്ച് ജലധാര നടത്തി.

Related posts