കുമരകം: ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും മൂന്നര വയസുകാരി കുഞ്ഞമ്മിണി ഇന്നു ധന്യയാണ്. കുഞ്ഞമ്മിണി ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്. കുരുടിയായി ജനിച്ചപ്പോള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്കിയ സുഹൃത്തുക്കളുടെ നിര്‍ദേശം അവഗണിച്ചു പരിപാലിച്ചു വളര്‍ത്തിയ ഉടമയ്ക്കു തന്റെ പശുക്കിടാവ് ഗര്‍ഭിണിയാണെന്ന് ഇന്നലെ കുമരകം മൃഗാശുപത്രിയിലെ ക്യാറ്റിന് ഇംപ്രൂവ്മെന്റ് അസിസ്റ്റന്റ് ജോഷി സ്ഥിരീകരണം നല്കി.
കുമരകം തെക്കുംഭാഗത്ത് അട്ടിപ്പീടികയ്ക്കു സമീപം കൊല്ലംപറമ്പില്‍ ബിനോയിയുടെ രണ്ടു പശുക്കളില്‍ ഒന്നാണ് ജന്മനാ അന്ധയായ കുഞ്ഞമ്മിണി.അന്ധയായതിനാല്‍ പശുകുട്ടിയെ വളര്‍ത്താന്‍ മൃഗസംരക്ഷണ വകുപ്പുപോലും ബിനോയിയെ പ്രോത്സാഹിപ്പിച്ചില്ല. മൃഗങ്ങളെയും പക്ഷികളെയും പ്രാണനുതുല്യം സ്നേഹിക്കുന്ന ബിനോയി തന്റെ പശുക്കിടാവിനെ പരിപാലിച്ചു വളര്‍ത്തി. കൃഷിയും മരംവെട്ടും തൊഴിലാക്കിയ ബിനോയിയുടെ വീട്ടില്‍ വളര്‍ത്തുന്നതു നാനാവിധം പക്ഷിമൃഗാദികളെയാണ്. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു മരണത്തോടുമല്ലടിക്കുന്ന പക്ഷികളെയും പൂച്ചകളെയും പോലും വീട്ടിലെത്തിച്ച് പരിപാലിക്കുന്നതില്‍ ആനന്ദം കണെ്ടത്തുകയാണ് ബിനോയിയും കുടുംബവും.
പുല്ലുതിന്നുന്നതിനും വെള്ളം കുടിക്കുന്നതിനും ശബ്ദവും സ്പര്‍ശനവും മണവുമാണ് കുഞ്ഞമ്മിണിക്കാശ്രയം.ആര് ബ്ലോക്കില്‍നിന്നു വള്ളത്തില്‍ പുല്ലുചെത്തി മടങ്ങിയെത്തുന്ന ബിനോയിയുടെ വരവു സമീപത്തെ തോട്ടിലെ വെള്ളത്തില്‍ കഴുക്കോല് കുത്തുന്ന ശബ്ദം കേട്ട് കുഞ്ഞമ്മിണി അറിയും. ബിനോയിയുടെ ഭാര്യ അമ്പിളി മക്കളായ അബിന്‍, ആല്‍ബി എന്നിവരുടെ ശബ്ദവും സാമീപ്യവും കുഞ്ഞമ്മിണി അകകണ്ണുകൊണ്ട് തിരിച്ചറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കും. വീട്ടിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ വീടിനു മുന്നിലെ കൂട്ടില്‍ നില്ക്കുന്ന കുഞ്ഞമ്മിണിക്ക് ഒരു കൈപുല്ലെങ്കിലും നല്‍കണം.
അതല്ലെങ്കില്‍ ഒന്നുതലോടണം, അല്ലെങ്കില്‍ കുഞ്ഞമ്മിണി പരിഭവിക്കും. ആറുമാസത്തോളം പിന്നിടുമ്പോള്‍ പിറന്നുവീഴുന്ന കുഞ്ഞമ്മിണിയുടെ സന്താനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിനോയിയുടെ കുടുംബം. കഴിഞ്ഞദിവസം വഴിയില്‍ നിന്നു കിട്ടിയ നാലു പൂച്ചകുഞ്ഞുങ്ങള്‍, പ്രസവത്തോടെ തളര്‍ന്നുപോയ ഒരാടും മറ്റ് ആറ് ആടുകളും രണ്ടുപട്ടികള്‍, കോഴി, താറാവ്, മുയല് തുടങ്ങി കൊല്ലംപറമ്പില്‍ തറവാട് പക്ഷിമൃഗാദികളാല്‍ സമൃദ്ധമാണ്.