ആലുവ: മെട്രോ റെയിലിന്റെ ആലുവയിലെ ആദ്യ സ്റ്റേഷനിൽ ഓട്ടോസ്റ്റാന്റ് അനുവദിക്കുന്നതിനെച്ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നു. കോൺഗ്രസിന്റെ നിയന്ത്രത്തിലുള്ള യൂണിയനുകൾ ഈ വിഷയത്തിൽ ചേരിതിരിഞ്ഞ് നിൽക്കുന്പോൾ സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് നഗരസഭമാർച്ചിനൊരുങ്ങുകയാണ്.
ഈ പ്രക്ഷോഭത്തിൽ ഐഎൻടിയുസിയടക്കം സിഐടിയു, എഐടിയുസി, ബിഎംഎസ്, എസ്ടിയു, ടിയുസിഐ തുടങ്ങിയ യൂണിയനുകളാണ് പങ്കെടുക്കുന്നത്. കോൺഗ്രസ് അനുകൂലതൊഴിലാളി സംഘടനയായി പുതിയതായി രൂപംകൊണ്ട എഐയുഡബ്ല്യുസിയുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനിൽ ഓട്ടോ സ്റ്റാന്റ് അനുവദിക്കുന്നതിനെതിരെ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ട്രാഫിക് പോലീസ് കഴിഞ്ഞദിവസം ഒഴിപ്പിച്ചിരുന്നു.
എന്നാൽ, കോൺഗ്രസിലെ എ വിഭാഗത്തിലെ ഒരു തൊഴിലാളി സംഘടന നേതാവിന്റെ വ്യക്തി താൽപര്യമാണ് ഓട്ടോസ്റ്റാന്റ് ഒഴിപ്പിക്കുന്നതിനു പിന്നിലെന്നാണ് മറ്റു തൊഴിലാളികളുടെ ആരോപണം. സ്റ്റേഷന് സമീപം പൊതുസ്ഥലം കയ്യടക്കിയ ഈ നേതാവിനെ സഹായിക്കുന്ന നഗരസഭ അധികൃതരുടെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയാണ് ഇന്ന് ട്രേഡ് യൂണിയനുകൾ പ്രതിഷേധമാർച്ച് നടത്തുന്നത്.
മെട്രോ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയുള്ള ഈ പ്രക്ഷോഭത്തിൽ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്. അതേസമയം വിഷയത്തിൽ ആലുവ ഡിവൈഎസ്പി ജയരാജ് ഇടപെടുകയും ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്.