ഇങ്ങനെയൊക്കെ പറയാമോ? പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വി.എസ് കടുത്ത പ്രതികരണത്തിനില്ല; തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്നു വിഎസിന് കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പ്

VSഎം.ജെ.ശ്രീജിത്ത്

തിരുവനന്തപുരം: പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വി.എസ് കടുത്ത പ്രതികരണത്തിനില്ല.  പാര്‍ട്ടി വിരുദ്ധ മനോഭാവമുളളയാളാണ് വി.എസ് എന്ന  ആലപ്പുഴ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ കഴ”ിഞ്ഞ ദിവസത്തെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. വി.എസിന്റെ സ്വഭാവ രീതിവച്ച് ഇതിന് ഉടന്‍ തന്നെ മറുപടി  നല്‍കുന്നതാണ്. എന്നാല്‍ വി.എസ് അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്.

പിണറായിയുടെ പ്രസ്താവനയെ കേന്ദ്ര നേതൃത്വം തന്നെ തള്ളുകയും ഇതിലെ അനിഷ്ടം യെച്ചൂരി തന്നെ പിണറായിയെ അറിയിക്കുകയും ചെയ്ത സ്ഥിതിയ്ക്ക് തത്കാലം കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടെന്ന തീരുമാനത്തിലാണ് വി.എസ്. ഇപ്പോള്‍ എന്തെങ്കിലും പ്രതികരണം ഉണ്ടായാല്‍ അതു തെരഞ്ഞെടുപ്പിലെ വിജയത്തെ ബാധിക്കുമെന്നും അതു  ശത്രുക്കളും എതിരാളികളും ആയുധമാക്കുമെന്നും വി.എസിനറിയാം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ മുന്നണിയ്ക്ക് ദോഷമുണ്ടാക്കുമെന്ന് അറിയാവുന്ന വി.എസ് പത്രക്കാര്‍ ആവര്‍ത്തിച്ചു ചോദിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പോലും വലിയ പ്രതികരണത്തിന്് മുതിരില്ല.

തലസ്ഥാനത്തു ഇല്ലെങ്കിലും പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് വി.എസ് തന്റെ വിശ്വസ്തരുമായി സംസാരിച്ചു. ഫോണിലൂടെ ഇതേക്കുറിച്ച് ആരാഞ്ഞ വി.എസിനോട് തത്കാലം കടുത്ത പ്രതികരണത്തിന് മുതിരേണ്ടെന്ന  അഭിപ്രായമാണ് വിശ്വസ്തരും കൈമാറിയത്. കേന്ദ്രനേതൃത്വവം പ്രതികരണത്തിന് മുതിരരുതെന്ന നിര്‍ദ്ദേശം വി.എസിന് കൈമാറിയിട്ടുണ്ട്. വി.എസുകൂടി ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയാല്‍ വിവാദം കത്തിപടരുമെന്നും അതും തെരഞ്ഞെടുപ്പിലെ ഐക്യത്തെ ബാധിക്കുമെന്നും യെച്ചൂരി തന്നെ വി.എസിനെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പും കൈമാറിയതായി അറിയുന്നു.

പിണറായിയുടെ പ്രസ്താവന അനവസരത്തിലായിപ്പോയെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തെപ്പോലെ ഘടകകക്ഷികള്‍ക്കുമുണ്ട്. പിണറായില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രസ്താവന പ്രതീക്ഷിച്ചതല്ലെന്ന പ്രതികരണമാണ് ഘടകകക്ഷി നേതാക്കളില്‍ നിന്നും ഉണ്ടായത്. അതേസമയം ധര്‍മ്മടത്തെ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോ ഗത്തില്‍ വി.എസ് ഇന്ന് പങ്കെടുക്കും. എന്നാല്‍ പിണറായി ഇന്ന് കൊല്ലം ജില്ലയിലെ  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ്.

ഒന്നും മിണ്ടാതെ വിഎസ്

കണ്ണൂര്‍: പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയാണ് വി.എസ്. അച്യുതാനന്ദനുള്ളതെന്ന സിപിഎം സംസ്ഥാന സമ്മേളന പ്രമേയം നിലനില്‍ക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവനയില്‍ വി.എസിനു മൗനം. മാധ്യമപ്രവര്‍ത്തകര്‍ക്കു മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയ വി.എസ് ഇന്നു രാവിലെ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്താമെന്നു സമ്മതിച്ചിരുന്ന മുഖാമുഖം പരിപാടി റദ്ദാക്കി.

കാസര്‍ഗോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തശേഷം ഇന്നലെ രാത്രി ഒന്‍പതിന് കണ്ണൂര്‍ പയ്യാമ്പലത്തെ ഗവ. ഹൗസിലെത്തിയ വി.എസിനെ കാണാന്‍ രാത്രി തന്നെ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒന്നും പറയാന്‍ തയാറായില്ല. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലുള്‍പ്പെടെ പ്രചാരണത്തിനായാണ് വി.എസ് കണ്ണൂരിലെത്തിയത്.

ഇന്നു രാവിലെ ഗസ്റ്റ് ഹൗസില്‍ മാധ്യമപട വി.എസിനെ കാണാന്‍ കാത്തുനിന്നിരുന്നു. എന്നാല്‍ 10.05 ന് ഗസ്റ്റ് ഹൗസില്‍നിന്നിറങ്ങിയ വി.എസ് മാധ്യമപ്രവര്‍ത്തകരെ കണ്ടതായി പോലും ഭാവിച്ചില്ല. എം.വി. ജയരാജന്‍, പി.കെ. ശ്രീമതി എംപി, കെ.പി. സഹദേവന്‍ എന്നീ നേതാക്കള്‍ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പുറത്തിറങ്ങിയ അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ നോക്കുകപോലും ചെയ്യാതെ കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലിലായിരുന്നു വി.എസിന്റെ ആദ്യ പരിപാടി. വൈകുന്നേരം നാലിന് പാനൂര്‍, 5.30ന് ഇരിട്ടി, 6.30ന് മട്ടന്നൂര്‍ എന്നിവിടങ്ങളിലും വി.എസ് ഇന്നു പ്രസംഗിക്കുന്നുണ്ട്.

തിരക്കിട്ട പരിപാടിയായതിനാലാണു വി.എസിന്റെ മുഖാമുഖം പരിപാടി റദ്ദാക്കിയതെന്നാണു പാര്‍ട്ടി വിശദീകരണം. എന്നാല്‍ ഇന്നലെ രാത്രി കണ്ണൂരിലെത്തിയ അച്യുതാനന്ദന് ഇന്ന് ഉച്ചവരെ ചക്കരക്കല്ലില്‍ മാത്രമാണു പരിപാടിയുള്ളത്. മുഖാമുഖം നേരത്തെതന്നെ തീരുമാനിക്കുകയും പാര്‍ട്ടി പത്രത്തിലുള്‍പ്പെടെ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വി.എസ് എന്തെങ്കിലും പറഞ്ഞ് വിവാദമായേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് മുഖാമുഖം ഒഴിവാക്കിയതെന്നാണു സൂചന. ടി.പി. ചന്ദ്രശേഖരന്‍ വധം നടന്ന കാലത്ത് അച്യുതാനന്ദന്‍ കണ്ണൂരിലെത്തിയപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ അവസരം കൊടുത്തിരുന്നില്ല
.
വി.എസിനെതിരേയുള്ള സമ്മേളന പ്രമേയം നിലനില്‍ക്കുന്നുവെന്നു പിണറായി പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പ്രസ്താവന പുറത്തുവന്നത് മുന്നണിക്ക് ദോഷമായി ബാധിക്കുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. അതുകൊണ്ടാണ് ഇന്നലെ തന്നെ പിണറായി പാര്‍ട്ടിയില്‍ ഭിന്നതയൊന്നുമില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയത്. വി.എസ്. അച്യുതാനന്ദന്‍ ഇന്ന് ധര്‍മടം മണ്ഡലത്തില്‍ പ്രസംഗിക്കുമ്പോള്‍ അവിടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്‍ കൊല്ലത്താണുള്ളത്.

പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ നോക്കണ്ട : കോടിയേരി

കൊച്ചി: പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ നോക്കേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ കാര്യങ്ങളും പിണറായി തന്നെ വിശദീകരിച്ചു കഴിഞ്ഞു. പാര്‍ട്ടിയെ കുഴപ്പത്തിലാക്കാനുള്ള മാധ്യമങ്ങളുടെ അജണ്ട നടപ്പാവില്ല. ബാര്‍ വിഷയത്തില്‍ പാര്‍ട്ടി നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതെപ്പോഴും ആവര്‍ത്തിക്കണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായി ആലപ്പുഴ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എല്‍ഡിഎഫിന് നൂറിലധികം സീറ്റ് കിട്ടുമെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരുപാടുപേര്‍ പാര്‍ട്ടിയിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്റെ വാര്‍ത്താസമ്മേളനം വളച്ചൊടിച്ചതാണെന്ന് പിണറായി പതികരിച്ചിരുന്നു.

Related posts