സ്വന്തം ലേഖകന്‍
കോഴിക്കോട്: അംഗവൈകല്യം ഉള്ളവരുടെ പേരില്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് അനുവദിച്ചിരുന്ന റോഡ്നികുതി ഇളവ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. അഞ്ചു ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ക്കു പഴയതുപോലെ റോഡ് നികുതി നല്‍കേണ്ടതില്ല. എന്നാല്‍, വില അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കില്‍ മറ്റുള്ളവര്‍ നല്കുന്ന അതേ നികുതി ഭിന്നശേഷിക്കാരും അടയ്ക്കണം.
ഭിന്നശേഷിക്കാരായ ബന്ധുക്കളുടേയും മറ്റും പേരില്‍ ലക്ഷങ്ങളും കോടികളും വിലയുള്ള വാഹനങ്ങള്‍ വാങ്ങി ചിലര്‍ ഇളവ് ദുരൂപയോഗം ചെയ്യുന്നത് കണക്കിലെടുത്താണ് ഗസറ്റ് വിജ്ഞാപനത്തിലൂടെയുള്ള ഭേദഗതി. ഇനി മുതല്‍ അഞ്ചുലക്ഷത്തില്‍ താഴെയുള്ള വാഹനം വാങ്ങി നികുതിയിളവ് നേടിയാലും വാഹനത്തിന്റെ മുന്‍-പിന് വിന്‍ഡ് ഗ്ലാസുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കണം. നികുതി ഇളവ് നേടിയതും, ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്നതുമാണ് ആ വാഹനം എന്നറിയിക്കുന്നതിനാണ് സ്റ്റിക്കര്‍.
മാത്രമല്ല, നികുതിയിളവ് നേടിയശേഷം വാഹനം മറ്റാരെങ്കിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, വാഹനം വാങ്ങിയ കാലം മുതലുള്ള റോഡ് നികുതിയും, അഡീഷണല്‍ നികുതിയും, പലിശയും ഈടാക്കുമെന്ന് ഗതാഗത വകുപ്പ് സെക്രട്ടറി എം.ശിവശങ്കര്‍ ഒപ്പുവെച്ച 29/2016/ൃേമി. നമ്പര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവ് മാര്‍ച്ച് 18 ന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ 296-ാം നമ്പറായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ വിലയനുസരിച്ച് 20 ശതമാനം വരെ റോഡ് നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍, മാനുഷിക പരിഗണന കണക്കിലെടുത്ത്് ഭിന്നശേഷിക്കാര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് 1998 മുതല്‍ പൂര്‍ണമായും റോഡ്നികുതി ഒഴിവാക്കിയിരുന്നു. ഒരു കോടിയും അതിലധികവും വിലയുള്ള ബെന്‍സ്, റേഞ്ച് റോവര്‍, ഔഡി തുടങ്ങി ആഡംബര കാറുകള്‍ക്കും വന്‍തോതില്‍ നികുതിയിളവ് നേടുന്നതായി ശ്രദ്ധയില്‍പെട്ട ഗതാഗത കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരി ഇതേക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് ഇളവില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ബന്ധുക്കളുടേയും, ഡ്രൈവര്‍മാരുടേയും പേരില്‍വരെ വാഹനം രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തി.