ചങ്ങരംകുളം: ചേകന്നൂർ മൗലവി വധക്കേസ് ഒന്നാം പ്രതി ചങ്ങരംകുളം ആലംകോട് സ്വദേശി ഹംസ സഖാഫി എന്ന വി.വി.ഹംസയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയെങ്കിലും 25 വർഷം മുന്പ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന ചേകന്നൂർ മൗലവിയുടെ തിരോധാനത്തിൽ ദുരൂഹത ഒഴിയുന്നില്ല.
സിബിഐ പ്രത്യേക കോടതി ഒന്നാം പ്രതിയെന്ന പേരിൽ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഹംസ സഖാഫിയെ കൂടി തെളിവില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞു വെറുതെ വിട്ടതോടെയാണ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസ് ഫയൽകൂടി ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്.
സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ഏഴ് പ്രതികളെയും സിബിഐ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. കോളിളക്കം സൃഷ്ടിച്ച ചേകന്നൂർ മൗലവി വധക്കേസിൽ പത്തനാപുരം മംഗലശേരി മുഹമ്മദ് ബഷീർ (34), കുഴിമണ്ണ കൊന്തേടൻ മുഹമ്മദ്കുട്ടി (33), തെക്കണ്ടി ഹൗസിൽ കുഞ്ഞിമരയ്ക്കാർ (37), പള്ളിക്കൽ പാലംകുളങ്ങര അബ്ദുൽ ഗഫൂർ (30), കുഴിമണ്ണ പാലപ്പറ്റ അബ്ദുസലാം (39), കോഴിക്കോട് കാരന്തൂർ മണ്ടാലിൽ ഹൗസിൽ ഉസ്മാൻ മുസല്യാർ (50) എന്നിവരായിരുന്നു പ്രധാന പ്രതികൾ. 1993 ഏപ്രിൽ മേയിൽ കാരന്തൂരിൽ വച്ച് ചേകന്നൂരിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തു. പ്രതികൾ 1993 ജൂലൈ മൂന്നാം വാരം ജീപ്പിൽ മൗലവിയുടെ വീടു സന്ദർശിച്ചു. മൗലവിയുടെ അനുയായികളായി നടിച്ചാണ് അന്നു പ്രതികൾ ഗൃഹസന്ദർശനം നടത്തിയത്. കോഴിക്കോട്ട് ഒരു ക്ലാസ് എടുക്കാൻ മൗലവിയെ അവർ ക്ഷണിച്ചു. 1993 ജൂലൈ 29നു വൈകിട്ട് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പുതിയ ജീപ്പിൽ മൗലവിയെ കൂട്ടിക്കൊണ്ടുപോയെന്നു കുറ്റപത്രം പറയുന്നു.
അരൂരിലെ 12.35 ഏക്കർ വിസ്തീർണമുള്ള ചുവന്ന കുന്നിൽ കുഴിച്ചുമൂടിയെന്ന് പറയുന്ന ചേകന്നൂരിന്റെ മൃതദേഹത്തിനായി സിബിഐ പല പ്രാവശ്യം അവിടെ മണ്ണുമാന്തി തിരഞ്ഞിട്ടും ലഭിച്ചില്ല. തെളിവുകളെല്ലാം പ്രതികൾ നശിപ്പിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡിവൈഎസ്പിമാരായ പി.സി.മുഹാജിർ, പ്രേംകുമാർ, ഇൻസ്പെക്ടർമാരായ ബാബു ഗൗതമൻ, സി.കെ.സുഭാഷ്, കെ.രാജഗോപാലൻ, വി.ടി.നന്ദകുമാർ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.
അതേസമയം, ചേകന്നൂർ മൗലവി വധക്കേസിലെ ഒന്നാം പ്രതി കക്കിടിപ്പുറം സ്വദേശിയായ ഹംസ സഖാഫിയെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെവിട്ട സംഭവത്തിൽ നിരാശയുണ്ടെന്ന് ചേകനൂർ മൗലവിയുടെ അമ്മാവൻ കെ.കെ.സാലീം ഹാജി പറഞ്ഞു. കോടതിയിൽ വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്തതാണ് ഇത്തരമൊരു വിധിക്ക് കാരണമെന്നും നിയമപോരാട്ടം തുടരുമെന്നും സാലീം ഹാജി വ്യക്തമാക്കി.