ജീവിച്ചിരുന്നെങ്കില്‍ ഇന്ന് റിസ്റ്റിയുടെ ആദ്യകുര്‍ബാനനാള്‍; പോലീസ് ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായി; റിസ്റ്റി കൊലക്കേസ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Ajiകൊച്ചി: എറണാകുളത്ത് പത്തുവയസുകാരനെ കുത്തികൊന്ന കേസില്‍ പ്രതി അജി ദേവസ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോലീസ് ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. റിസ്റ്റിയുടെ പിതാവ് ജോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തിലുളള വെളിപ്പെടുത്തലുകള്‍ അജി ചോദ്യം ചെയ്യലില്‍ നടത്തിയിരുന്നു. ജോണിനെ കായികമായി നേരിടാന്‍ കഴിയാത്തതിനാലാണ് റിസ്റ്റിക്ക് നേരെ തിരിയാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.  മയക്കുമരുന്നിന് അടിമയാണെങ്കിലും മനോനില തെറ്റിയനിലയില്‍ അല്ലായിരുന്നു അജിയെന്നും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ജോണിന്റെ മകനായ റിസറ്റിയെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എറണാകുളം പുല്ലേപ്പടി പറപ്പള്ളി ജോണിന്റെ മകന്‍ റിസ്റ്റി അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് ആദ്യകുര്‍ബാന നടക്കേണ്ടിയിരുന്നതിനാല്‍ അതിനുള്ള ഒരുക്കത്തിലായിരുന്നു റിസ്റ്റി. പുത്തനുടുപ്പും വാച്ചുമണിഞ്ഞ് ആദ്യകുര്‍ബാന സ്വീകരണത്തിനായി പോകുന്നതായിരിന്നു പത്തുവയസുകാരന്‍ റിസ്റ്റിയുടെ മനസുനിറയെ. ആദ്യകുര്‍ബാനയ്ക്ക് മുന്നോടിയായുള്ള ക്ലാസിനായി പള്ളിയിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു അവന്‍. ചേട്ടന്‍ ഏബലിന് പനിയായതിനാല്‍ അടുത്തുള്ള കടയില്‍ നിന്നു പാല്‍ വാങ്ങി വരാനുള്ള ഉത്തരവാദിത്വം അവന്‍ ഏറ്റെടുത്തു. അങ്ങനെ റിസ്റ്റി രാവിലെ കടയിലേക്കു പുറപ്പെട്ടു.

പകരക്കാരനായി പോയ റിസ്റ്റിയുടെ യാത്ര ഒരിക്കലും തിരിച്ചു വരാനാകാത്തതാകുമെന്ന് ഏബല്‍ വിചാരിച്ചിരുന്നില്ല. മയക്കുമരുന്നിന് അടിമയായ അയല്‍വാസി അജിയുടെ ക്രൂരതയ്ക്കു മുന്നില്‍ ജീവന്‍ വെടിയേണ്ടിവന്നു റിസ്റ്റിക്ക്. കണ്ണില്ലാത്ത ക്രൂരതയ്ക്ക് മുന്നില്‍ റിസ്റ്റിയുടെ കുടുംബത്തിന് നഷ്ടപ്പെട്ടത് നന്മനിറഞ്ഞ മനസുള്ള കൊച്ചുമിടുക്കനെയായിരുന്നു.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന റിസ്റ്റി നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു. ക്ലാസുകളില്‍ നന്നായി പഠിക്കുന്ന മിടുക്കനായ റിസ്റ്റിയെക്കുറിച്ച് എല്ലാവര്‍ക്കും നല്ലതുമാത്രമെ പറയാനുള്ളു. ഏതോ വൈരാഗ്യത്തിന്റെ പേരില്‍ അവന്റെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത അറിഞ്ഞ് നടുങ്ങി നില്‍ക്കുകയാണ് റിസ്റ്റിയെ അറിയാവുന്നവരെല്ലാം.

ആദ്യകുര്‍ബാനയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച്ച മാതാപിതാക്കള്‍ക്കും ചേട്ടനുമൊപ്പം പുത്തനുടുപ്പും പുതിയ വാച്ചും വാങ്ങി വച്ചിരുന്നു. റിസ്റ്റിയുടെ മരണത്തിന് തലേന്ന് രാത്രി അജിയുടെ വീട്ടിലടക്കം ചെന്ന് ആദ്യകുര്‍ബാനയ്ക്ക് ക്ഷണിച്ചു. അതിന്റെ പിറ്റേന്നാണ് അതിക്രൂരമായി ആ കുഞ്ഞുമിടുക്കന്റെ ജീവന്‍ അജി ദേവസ്യയെടുത്തത്.

അജിയുടെ കൈയിലെ കത്തി റിസ്റ്റിയുടെ കഴുത്തില്‍ കുത്തിയിറക്കുന്ന കാഴ്ച്ച മനസില്‍ നിന്ന് മായാതെ ഞെട്ടലോടെ ജീവിക്കുകയാണ് അയല്‍വീടുകളിലെ സ്ത്രീകള്‍. തങ്ങളുടെ കുട്ടികളുടെ കൂടെ കളിച്ചുനടക്കുന്ന കൊച്ചുമിടുക്കന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ല ഈ അമ്മമാര്‍ക്ക്.

റിസ്റ്റിയുടെ അച്ഛനോടുള്ള പ്രതികാരമായാണ് അവനെ കൊന്നതെന്നാണ് അജിയുടെ വാദം. മയക്കുമരുന്നുപയോഗത്തിന് പണം നല്‍കാത്തതാണ് ജോണിയോട് അജിക്ക് വൈരാഗ്യം തോന്നാനുള്ള കാരണമെന്നാണ് അജി പറയുന്നത്. മയക്കുമരുന്നിന് അടിമയായ അജി ജോണിയോടുള്ള പ്രതികാരം തീര്‍ക്കാനുള്ള മാര്‍ഗം അയാളുടെ മകന്റെ ജീവന്‍ എടുക്കുക എന്നതായിരുന്നു. ലഹരിക്കടിമകളായവരുടെ മനോവൈകല്യങ്ങള്‍ക്കുമുന്നില്‍ മറ്റൊരു രക്തസാക്ഷി കൂടി ഉണ്ടായിരിക്കുന്നു.  ഇത്തരത്തില്‍ ഇനി മറ്റൊരു ജീവന്‍ കൂടി ഇല്ലാതാകരുതെന്ന പ്രാര്‍ഥനയിലാണ് റിസ്റ്റിയുടെ കുടുംബവും നാട്ടുകാരും. മാത്രമല്ല റിസ്റ്റിയുടെ മരണത്തിന് കാരണമായി അജിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts