സി.സി.സോമന്
കോട്ടയം: ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വീടിന്റെ ടെറസില്‍ വാഴക്കച്ചിയും പോതപുല്ലും നിറച്ച് മണര്‍കാട് സ്വദേശി യുവാവിന്റെ പരീക്ഷണം. ഇപ്പോള്‍ എയര്‍ക്കണ്ടീഷന്‍ മുറിയിലെ അവസ്ഥയെന്ന് മണര്‍കാട് നിരമറ്റം മട്ടാഞ്ചേരിയില്‍ കുഞ്ഞുമോന് (ജയരാജ്) സാക്ഷ്യപ്പെടുത്തുന്നു. സംഗതി അറിഞ്ഞു കേട്ടെത്തിയ സമീപവാസികള്‍ ഇപ്പോള്‍ കുഞ്ഞുമോനെ അനുകരിക്കാനുള്ള ശ്രമത്തിലാണ്. അഞ്ചു പൈസാ മുടക്കുമുതലില്ലാതെയാണ് കുഞ്ഞുമോന് വീട്ടില്‍ തണുപ്പൊരുക്കിയത്.
ഒരു ദിവസം രാവിലെ അടുത്ത പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന് വാഴക്കച്ചി വെട്ടിയ കുഞ്ഞുമോനെ സുഹൃത്തുക്കള്‍ കളിയാക്കി. തരിശ് ഭൂമിയില്‍ പടര്‍ന്നു പന്തലിച്ച പോതപ്പുല്ലു വെട്ടിയപ്പോഴും ഇതേ കളിയാക്കല്‍ തുടര്‍ന്നു. സൂഹൃത്തുക്കള്‍ക്ക് ഒരു മറുപടിയും നല്‍കാതെ കുഞ്ഞുമോന് വെറും രണ്ടു മണിക്കൂര്‍ കൊണ്ട് വീടൊരു എസി മുറിയാക്കി. ആദ്യം വാഴക്കച്ചി ടെറസില്‍ നല്ല കനത്തിന് നിരത്തി. അതിനു മുകളില്‍ പോതപ്പുല്ലും നിരത്തി. പിന്നീട് കൈവെള്ളം തളിച്ച് നനച്ചു. ഒരു നയാ പൈസയുടെ മുടക്കില്ലാതെ ഇത്രയും ചെയ്തപ്പോള്‍ ചൂടിനെ തടഞ്ഞു നിര്‍ത്താനായി.
പകല്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍വാസികള്‍ തണല്‍മരങ്ങളുടെ ചുവടിനെയാണ് ആശ്രയിക്കുന്നത്. കുഞ്ഞുമോന്റെ പ്രായമായ അച്ഛനും അമ്മയ്ക്കും നടക്കാന്‍ പോലുമാവില്ല. അവരെ എങ്ങനെ ചൂടില്‍ നിന്ന് രക്ഷിക്കാം എന്ന ചിന്തയിലാണ് ഇത്തരമൊരു ആശയും ഉരുത്തിരിഞ്ഞത്. പഴയ ഓല മേഞ്ഞ വീടുകളില്‍ ചൂടില്ലായിരുന്നു എന്നതിരിച്ചറിവും കുഞ്ഞുമോനെ സഹായിച്ചു.
അധികം താമസിയാതെ ഫഌറ്റും വാര്‍ക്കവീടും ഉപേക്ഷിച്ച് ജനങ്ങള്‍ ഓലപ്പുരകളിലേക്കും പുല്ലുമേഞ്ഞ വീടുകളിലേക്കും താമസം മാറ്റുമെന്ന് കേറ്ററിംഗ് പണിക്കാരനായ ഈ സാധാരണക്കാരന് പറയുന്നു. കഠിനമായ ചൂടില്‍ നി്ന്ന് രക്ഷ നേടി വീടുപേക്ഷിച്ച് മരച്ചുവട്ടിലേക്ക് താമസം മാറിയവരുടെ എണ്ണം വടക്കേ ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണ്. കേരളത്തിലും ഈ അവസ്ഥ താമസിയാതെ വരുമെന്ന കാര്യത്തില്‍ സംശയമില്ല. നിങ്ങള്‍ക്കും വീട്ടില്‍ തണുപ്പൊരുക്കാന് സഹായിക്കും. കുഞ്ഞുമോന്റെ നമ്പര്‍ : 9497391215