കോട്ടയം: തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റുകള്‍ തപാലില്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ആവശ്യമായ തയാറെടുപ്പുകള്‍ തുടങ്ങി. ഇതുസംബന്ധിച്ച് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാകളക്ടര്‍ സ്വാഗത് ഭണ്ഡാരി കൂടികാഴ്ച നടത്തി. ഇന്നാണു നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.
ഇതു അവസാനിച്ചാലുടന്‍ ബാലറ്റ് അച്ചടിച്ച് തപാല്‍ വകുപ്പ് മുഖേന പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ക്ക് എത്തിച്ചു നല്‍കും. ഇവര്‍ വോട്ടുരേഖപ്പെടുത്തി തിരിച്ചയയ്ക്കുന്ന ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനകം അതത് നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുകയും വേണം. ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കുന്നതിനു കൂടുതല്‍ ജീവനക്കാരെ ഈ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഓരോദിവസും അയയ്ക്കുന്ന തപാല്‍ ബാലറ്റിന്റെ എണ്ണം പോസ്റ്റല്‍ വകുപ്പ് ഉദ്യോഗസ്ഥരെ ഇലക്ഷന്‍ വിഭാഗത്തില്‍നിന്ന് അറിയിക്കും. പോസ്റ്റോഫീസില്‍ തിരികെ ലഭിക്കുന്ന വോട്ടു രേഖപ്പടുത്തിയ തപാല്‍ ബാലറ്റിന്റെ എണ്ണം റിട്ടേണിംഗ് ഓഫീസര്‍മാരെ ഫോണില്‍ വിളിച്ചറിയിക്കണമെന്നും കളക്്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍ തപാല്‍വകുപ്പുമായി ചേര്‍ന്ന് ക്രമീകരിക്കുന്നതിന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുകുവിനെ ചുമതലപ്പെടുത്തി.