കുട്ടനാട്ടില്‍ സിപിഎം-ബിഡിജെഎസ് ബാന്ധവമെന്ന് എ.എ. ഷുക്കൂര്‍

alp-shukkurആലപ്പുഴ: കുട്ടനാട് നിയോജകമണ്ഡലത്തില്‍ സിപിഎം-ബിഡിജെഎസ് ബാന്ധവമാണെന്നും ഇതില്‍ കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേര്‍ച്ചക്കോഴിയാകുമെന്നും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി. സുധാകരനും ബിജെപി-ബിജെഡിഎസ് വോട്ടുകള്‍ മറിച്ചു നല്കുന്നതിന്റെ പ്രത്യുപകാരമായി ബിഡിജെഎസിന്റെ മാനം കാക്കാന്‍ കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസുവിനെ വിജയിപ്പിക്കാന്‍ സിപിഎം അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ ഷുക്കൂര്‍ ആരോപിച്ചു.

കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പിലടക്കം വെള്ളാപ്പള്ളിക്കെതിരെ ജില്ലയിലെ സിപിഎം നേതൃത്വം കൈക്കൊണ്ട മൃദുസമീപനം മുന്‍ധാരണപ്രകാരമുള്ള വോട്ടുകച്ചവടത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.   പ്രാദേശിക നേതൃത്വങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അവസരവാദത്തിനെതിരെ രംഗത്തു വന്നെങ്കിലും ജില്ലയില്‍ ഉന്നതന്‍മാര്‍ സംസ്ഥാന നേതൃത്വത്തെ കൊണ്ട് ഇവരുടെ നാവടപ്പിച്ചുവെന്നും ഷുക്കൂര്‍ ആരോപിക്കുന്നു. എല്ലാ തെരഞ്ഞെടുപ്പുകാലത്തും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിപിഎം ചേര്‍ത്തലയിലും കായംകുളത്തും അപരന്‍മാരെ ഇറക്കിയിരിക്കുകയാണ്. രണ്ടുഅപരന്‍മാരും ഇടതുപക്ഷ അനുഭാവമുള്ളവരാണെന്നും ഷുക്കൂര്‍ പറഞ്ഞു.

Related posts