മോഷ്ടിച്ച വാഹനം പൊളിച്ച് വില്പന നടത്തുന്ന മൂന്നംഗസംഘം പിടിയില്‍

ktm-arrestകൊല്ലം: മോഷ്ടിച്ച വാഹനം പൊളിച്ച് വില്പന നടത്തുന്ന മൂന്നംഗ സംഘത്തെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കന്റോണ്‍മെന്റ് സൗത്ത് സിആര്‍എ-58 പുതുവല്‍പുരയിടത്തില്‍ അനു (22), പെരിനാട് ഹില്‍പാലസ് ബാറിന് സമീപം എസ്എസ് ഭവനില്‍ സാക്ഷിത്.എസ്.കുമാര്‍ (20), നീരാവില്‍ പനമൂട് അമ്പലത്തിന് സമീപം പനമൂട്ടില്‍ തെക്കതില്‍ ചന്തു (20) എന്നിവരാണ് അറസ്റ്റിലായത്.

മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ നിന്നും ചവറ പന്മന സ്വദേശിയായ സജിതിന്റെ യമഹാ ബൈക്ക് മോഷ്ടിച്ച് അനുവിന്റെ വീട്ടില്‍ സൂക്ഷിച്ചശേഷം പൂര്‍ണമായും പൊളിച്ച് വില്പനയ്ക്കായി പലസ്ഥലങ്ങളില്‍ കൊണ്ടു പോകുകയായിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ പരിസരത്തുനിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ നിമിഷങ്ങള്‍ക്കകം പല കഷണങ്ങളാക്കി പൊളിച്ച് ആക്രിക്കടകളില്‍ നല്‍കി പണം വാങ്ങുന്നതാണ് ഇവരുടെ രീതി.

അയത്തില്‍ രണ്ടാം നമ്പരിലുള്ള ഈവ്‌സ് എന്ന റെഡിമെയ്ഡ് കടയുടെ മുന്‍വശത്തെ ഗ്ലാസ്സ് പൊട്ടിച്ച് അകത്തു കയറി തുണിത്തരങ്ങള്‍ മോഷ്ടിച്ചതും ഈ സംഘമാണ്.അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള തുണിക്കടയിലും മോഷണം നടത്തിയായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.ജില്ലയില്‍ പലഭാഗങ്ങളിലും നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദേശപ്രകാരം കൊല്ലം എസിപി കെ. ലാല്‍ജി, സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍ എന്നിവരുടെ നേതൃത്വത്തി ല്‍ ഈസ്റ്റ് സിഐ വി.എസ്. പ്രദീപ് കുമാര്‍, എസ്‌ഐ ആര്‍ രാജേഷ് കുമാര്‍, സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ വിപിന്‍കുമാര്‍, അഡീഷണല്‍ എസ്‌ഐ പ്രകാശന്‍, മോഷണ വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, ബാബുകുമാര്‍, വേണുഗോപാല്‍, അനന്‍ബാബു, ഹരിലാല്‍ മണികണ്ഠന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Related posts