ഒളിമ്പിക് യോഗ്യത തേടി ഗുസ്തിക്കാര്‍

GUSTIഇസ്താംബുള്‍: ഗുസ്തിയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള ഒളിമ്പിക് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളല്‍ വിവിധ ഭാരവിഭാഗങ്ങളിലായി ഇന്ത്യയുടെ 14 അംഗ ടീം പങ്കെടുക്കും. ഓരോ വിഭാഗത്തിലും രണ്ടു പേര്‍ വീതമാണ് ഒളിമ്പിക് ബെര്‍ത്ത് നേടുന്നത്.

വനിതാ വിഭാഗത്തില്‍ സഹോദരിമാരായ ബബിത പോഗട്ട്, ഗീത പോഗട്ട് എന്നിവരെ റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിലക്കിയതിനാല്‍ ഇളയ സഹോദരി വിനേഷ് പോഗട്ടിലുള്ള പ്രതീക്ഷ വാനോളമാണ്. അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് ഇവരെ ഫെഡറേഷന്‍ വിലക്കിയത്. ഇവര്‍ക്കൊപ്പം പുരുഷന്മാരുടെ 125 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ മത്സരിക്കുന്ന സുമിത്തിനെയും രാഹുല്‍ അവാരെയും(57 കിലോഗ്രാം ഫ്രീസ്റ്റൈല്‍) വിലക്കിയിരുന്നു. നാല് ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ ഒളിമ്പിക്‌സിനു യോഗ്യത നേടിയിട്ടുണ്ട്.

ലാസ് വേഗാസില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നര്‍സിംഗ് യാദവ്, ഏഷ്യന്‍ ഒളിമ്പിക് ചാമ്പ്യന്‍ഷിപ്പിലൂടെ മുന്‍ ഒളിമ്പിക് മെഡലിസ്റ്റ് യോഗേശ്വര്‍ ദത്ത്(65 കിലോഗ്രാം ഫ്രീസ്റ്റൈല്‍), ഹര്‍ദീപ് (ഗ്രീക്കോ റോമന്‍ 98 കിലോഗ്രാം) എന്നിവര്‍ യോഗ്യത സ്വന്തമാക്കി.

പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സന്ദീപ് തോമറിന്റെ ബെര്‍ത്താണ് നാലാമത്തേത്.

48 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് മത്സരിക്കുന്നത്. വിനേഷിനെ കൂടാതെ ലളിത(53 കിലോഗ്രാം), സാക്ഷി മാലിക്(58 കിലോഗ്രാം), ശില്പി ഷെറോണ്‍ (63 കിലോഗ്രാം), ഗീതിക ജാകര്‍(69 കിലോഗ്രാം), കിരണ്‍ (75 കിലോഗ്രാം) എന്നിവരാണ് വനിതാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

യോഗ്യതയ്ക്കായി മാറ്റുരയ്ക്കുന്നവര്‍

പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍

ഗോപാല്‍ യാദവ്(86), മൗസം ഖത്രി (97), ഹിതേന്ദര്‍ (125)

ഗ്രീക്കോ റോമന്‍ പുരുഷന്മാര്‍

രവീന്ദര്‍ സിംഗ് (59), സുരേഷ് യാദവ് (66), ഗുര്‍പ്രീത് സിംഗ് (75), രവീന്ദര്‍ ഖത്രി (85), നവീണ്‍ (130).

Related posts