എല്‍ഡിഎഫിനെ ബാലകൃഷ്ണപിള്ള ഫാക്ടര്‍ തുണച്ചോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

Balakrishnaകൊട്ടരാക്കര: കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയും  പാര്‍ട്ടിയും  എല്‍ഡിഎഫിന് തുണയായിട്ടുണ്ടോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളാകോണ്‍ഗ്രസ് ബിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന മണ്ഡലങ്ങള്‍ നേരത്തെ കൊട്ടാരക്കരയും പത്തനാപുരവും പുനലൂരുമാണ്. മറ്റ് മണ്ഡലങ്ങളിലെല്ലാം ആ പാര്‍ട്ടിക്ക് വേരുള്ളതാണ്. ഘടകങ്ങളില്ലെങ്കില്‍ പോലും ബാലകൃഷ്ണപിള്ള അനുകൂലികളായിട്ടുള്ളവര്‍ ജില്ലയിലെമ്പാടും ഉണ്ടായിരുന്നു. പിള്ള യുഡിഎഫില്‍ നില്‍ക്കുമ്പോഴുള്ള ഈ അനുകൂല ഘടകം പിള്ള മുന്നണിവിട്ടപ്പോള്‍ ഒപ്പമുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

പിള്ള ഘടകം എല്‍ഡിഎഫ് അനുകൂലമായിട്ടുണ്ടെങ്കില്‍ മുമ്പ് എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലെല്ലാം ഇപ്പോള്‍ വിജയിക്കുക മാത്രമല്ല ഭൂരിപക്ഷവും വര്‍ധിക്കണം. പിള്ള കൂടി നട്ട് നനച്ച് വളര്‍ത്തിയ യുഡിഎഫില്‍നിന്ന് അദ്ദേഹം ഇറങ്ങിപ്പോരുകയായിരുന്നു. അഴിമതിയോട് സമരസപ്പെടാന്‍ കഴിയാത്തതുകൊണ്ടാണ് മുന്നണി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് മുന്നിലും യുഡിഎഫ് ഉന്നതാധികാരസമിതിയിലും ചില മന്ത്രിമാരുടെ അഴിമതികള്‍ തെളിവുകള്‍ സഹിതം നല്‍കിയിട്ടും ഒരു പ്രതികരണമുണ്ടാകാതെ വന്നതോടെയാണ് മുന്നണി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് വിട്ട പിള്ളയെ എല്‍ഡിഎഫ് രണ്ട് കൈയും നീട്ടി സ്വീകരിച്ചതുമില്ല. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കാന്‍ ധാരണയുണ്ടാക്കുക മാത്രമാണുണ്ടായത്. പിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്നതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്.

എന്‍എസ്എസ് നേതാവ് കൂടിയാണെങ്കിലും പിള്ളയ്ക്ക് ഇപ്പോഴത്തെ എന്‍എസ്എസ് നേതൃത്വത്തില്‍നിന്നും പലപ്പോഴും സഹായകരമായ നിലപാട് ലഭിച്ചിട്ടില്ല. പിള്ളയുടെ രാഷ്ട്രീയനീക്കങ്ങളില്‍ സമദൂര നിലപാടാണ് അവരുടെത്. ഈ പ്രതികൂല ഘടകങ്ങളെല്ലാം മറികടന്ന് പിള്ളയ്ക്ക് എല്‍ഡിഎഫില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. എല്‍ഡിഎഫിന്റെ സ്ഥിരം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചുകാട്ടിയാല്‍ മുന്നണി പ്രവേശനം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. കെ.കരുണാകരനോടൊപ്പം നിന്ന് യുഡിഎഫിനെ കെട്ടിപ്പടുത്ത പിള്ളയെ യുഡിഎഫ് നിഷ്ക്കരുണം അവഗണിച്ചതില്‍ പ്രതിഷേധമുള്ള രാഷ്ട്രീയത്തിനതീതമായ ഒരു ജനവിഭാഗം ജില്ലയിലുണ്ട്.

പ്രത്യേകിച്ചും കൊട്ടാരക്കരയിലും പത്തനാപുരത്തും. 2006ലെ തെരഞ്ഞെടുപ്പില്‍ പിള്ളയെ പിന്നില്‍നിന്ന് കുത്തിയത് കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. കൊടിക്കുന്നില്‍സുരേഷായിരുന്നുവെന്ന് പിന്നിലെന്ന് വാദിക്കുന്നവരുമേറെയാണ്. കൊടിക്കുന്നിലിനെ വളര്‍ത്തി പാര്‍ലമെന്റിലേക്ക് പറഞ്ഞുവിട്ടതും പിള്ളയായിരുന്നുവെന്നും ഇവര്‍ വിശ്വസിക്കുന്നു. പിന്നീട് സ്വയംവളര്‍ന്ന കൊടിക്കുന്നില്‍ കൊട്ടാരക്കരയിലെ സമാന്തര അധികാര കേന്ദ്രമായി മാറുകയും പിള്ളയെ തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പിള്ള അനുകൂലികള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം പോലും ഇത്തരം പ്രതികരണം കൊടിക്കുന്നില്‍നിന്നുണ്ടായി.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പിള്ളയുടെ പാര്‍ട്ടി കേരളത്തില്‍നിന്ന് അപ്രത്യക്ഷമാകുമെന്നും സിംഹവാലന്‍ കുരങ്ങന്റെ സ്ഥിതിയിലാകുമെന്നുമാണ് കൊടിക്കുന്നില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൊടിക്കുന്നില്‍ സുരേഷ് ജനിക്കുന്നതിന് മുമ്പുള്ള പാര്‍ട്ടിയാണ് കേരളാകോണ്‍ഗ്രസ് ബിയെന്നും വന്നവഴി സുരേഷ് മറക്കുരുതെന്നുമായിരുന്നു ഇതിനുള്ള പിള്ളയുടെ പ്രതികരണം. അടുത്ത തവണ മാവേലിക്കരയില്‍ വിജയിക്കാന്‍ കൊടിക്കുന്നിലെ പിള്ള വെല്ലുവിളിക്കുകയും ചെയ്തു. എല്‍ഡിഎഫ് നിശ്ചയിച്ച തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ജില്ലയിലും പുറത്തും പിള്ള പ്രസംഗിച്ചിരുന്നു. പിള്ളയുടെ പ്രസംഗം ആളെ കൂട്ടുകയും ചെയ്തിരുന്നു. ഇത് വോട്ടായിമാറിയിട്ടുണ്ടോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related posts