മൂവാറ്റുപുഴ: ഒരാഴ്ചയായി സംസ്ഥാനത്തു പെയ്യുന്ന കനത്തമഴമൂലം പൈനാപ്പിള്‍ വിപണിയില്‍ പ്രതിസന്ധി രൂക്ഷം.വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വാഴക്കുളം മാര്‍ക്കറ്റില്‍ ഒരാഴ്ചയായി പഴം പൈനാപ്പിള്‍ കെട്ടിക്കിടന്നു അഴുകി നശിക്കുകയാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ വേനല്‍ചൂടില്‍ വെന്തുരുകിയതോടെ പൈനാപ്പിള്‍ വില കുതിച്ചുകയറിയിരുന്നു. നാളുകളായി വിലയിടിവു മൂലം ദുരിതത്തിലായിരുന്ന കര്‍ഷകര്‍ക്കു ഇതു വലിയ ആശ്വാസവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും പെയ്യുന്ന കനത്തമഴ പൈനാപ്പിള്‍ വിപണിക്ക് കനത്ത തിരിച്ചടിയായി.
ഒരാഴ്ചമുമ്പുവരെ കിലോയ്ക്ക് 30 മുതല്‍ 35 രൂപ വരെ വില ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പച്ചയ്ക്ക് കിലോയ്ക്ക് 27-ഉം പഴത്തിന് അഞ്ചുമുതല്‍ പത്തുരൂപവരെയുമാണ് വില. ഒരാഴ്ചയ്ക്കുള്ളില്‍ പഴം പൈനാപ്പിള്‍ വില കിലോയ്ക്ക് 25 രൂപവരെ ഇടിഞ്ഞതോടെ കര്‍ഷകരും വ്യാപാരികളും ഒരു പോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്തിനകത്തുള്ള വിവിധ മാര്‍ക്കറ്റുകളില്‍ പൈനാപ്പിളിനുണ്ടായിരുന്ന ഡിമാന്‍ഡ് മഴമൂലം കുറഞ്ഞതാണ് വിലയിടിവിന് പ്രധാനകാരണം. ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലെ വിവിധ മാര്ക്കറ്റുകളിലേക്കുമാണ് വാഴക്കുളം മാര്‍ക്കറ്റില്‍ നിന്നു പഴുത്ത പൈനാപ്പിള്‍ കൂടുതലായി കയറ്റി അയയ്ക്കുന്നത്.
ന്യൂനമര്‍ദത്തെ തുടര്‍ന്നു ഏതാനും ദിവസങ്ങളായി ഇവിടെയും കനത്തമഴയാണ്. ഇതോടെ വാഴക്കുളം മാര്‍ക്കറ്റില്‍ നന്നുള്ള ചരക്കുനീക്കം പൂര്‍ണമായി നിലയ്ക്കുകയായിരുന്നു. എന്നാല്‍ പച്ച പൈനാപ്പിളിനു കിലോയ്ക്ക് 20 മുതല്‍ 22 വരെ വില ലഭിക്കുന്നുണ്ട്. ഡല്‍ഹി, ജയ്പൂര്‍,മുംബൈ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലേക്കാണ് പച്ച പൈനാപ്പിള്‍ കൂടുതലായും കയറ്റി അയയ്ക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ചൂട് രൂക്ഷമായി തുടരുന്നതിനാല്‍ ഡിമാന്‍ഡില്‍ കാര്യമായി കുറവുണ്ടാകാത്തതാണ് ഇവിടുത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കുറെയെങ്കിലും ആശ്വാസമായിരിക്കുന്നത്.
സംസ്ഥാനത്ത് കാലവര്‍ഷം പടിവാതില്‍ക്കലെത്തിയതോടെ വീണ്ടും വിലയിടിയുന്നതിനു കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു .ഇത്തവണ കാല വര്‍ഷം കനക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും കര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്.വിലയിടിവു മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ നടുക്കര ഫാക്ടറിയില്‍ പൈനാപ്പിള്‍ സംഭരണം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൈനാപ്പിള്‍ ആന്റ് റബര്‍ ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് തങ്കച്ചന് മാത്യു താമരശേരി ആവശ്യപ്പെട്ടു.