കൊച്ചി: നാളെ ആരംഭിക്കുന്ന കാരിടൂണ്‍ മേളയിലൂടെ ചിരിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. കേരള കാര്‍ട്ടൂണ്‍ അക്കാഡമി ഒരുക്കുന്ന ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവം നാളെ മുതല്‍ 25 വരെ കൊച്ചി നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ഇന്നു വൈകുന്നേരം ആറിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ കൊച്ചിയെ കാര്‍ട്ടൂണ്‍ നഗരമായി പ്രഖ്യാപിക്കും. കേന്ദ്ര സാംസ്കാരിക വകുപ്പ്, കൊച്ചി കോര്പറേഷന്, ജിസിഡിഎ, എറണാകുളം പ്രസ് ക്ലബ്, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സുഭാഷ് ബോസ് പാര്‍ക്ക്, ലളിതകലാ അക്കാഡമി ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, കുട്ടികളുടെ തീയറ്റര്‍, എറണാകുളം പ്രസ് ക്ലബ് ആര്‍ട് ഗാലറി, എറണാകുളം ഗസ്റ്റ് ഹൗസ് എന്നീ വേദികളില്‍ നടക്കുന്ന മേള കൊച്ചിയെ അഞ്ചുനാള്‍ ഒരു ചിരിനഗരമായി മാറ്റും.
മാറുന്ന രാഷ്ട്രീയ കാലാവസ്ഥയെ ചിരിവരകളില്‍ പകര്‍ത്തിയ തെരഞ്ഞെടുപ്പ് കാര്ട്ടൂണുകള് മാത്രമല്ല, കാലാവസ്ഥാ മാറ്റത്തിന്റെ ഗൗരവമുള്ള കാര്‍ട്ടൂണുകളും മേളയിലുണ്ടാവും. രാഷ്ട്രീയ, കലാ, സാംസാക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയിലെത്തും. ഇന്ന് കായംകുളത്ത് കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെ സ്മരണയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മലയാള ഹാസ്യത്തിന്റെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്തുള്ളല് തുടങ്ങിയ അമ്പലപ്പുഴയിലെ മണ്ണില്‍ നിന്ന് കാരിടൂണിന്റെ പതാകപ്രയാണം ആരംഭിക്കും. വൈകുന്നേരം ആറിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ കാര്‍ട്ടൂണ്‍ നഗര വിളംബരം നടക്കും. തുടര്‍ന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ മാസ്റ്റേഴ്സ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആരംഭിക്കും. നാളെ വൈകുനേരം അഞ്ചിന് സുഭാഷ് പാര്‍ക്കില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ലൈവ് ഷോ നടക്കും. ഇതോടൊപ്പം, പ്രമുഖ വ്യക്തിത്വങ്ങളുടെ 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശനം പാര്‍ക്കില്‍ ആരംഭിക്കും.
രാഷ്ട്രീയത്തിലെയും സിനിമയിലെയും താരങ്ങളുടെ വലിയ കാരിക്കേച്ചറുകള്‍ക്കാപ്പം ചിത്രമെടുക്കാന്‍ ജനങ്ങള്‍ക്കു സെല്‍ഫി പോയിന്റുകള്‍ ഒരുക്കും. 22, 23, 24 തീയതികളില്‍ വൈകുന്നേരം 3.30ന് കുട്ടികളുടെ പാര്‍ക്കിലെ ചിരിനേരത്തില്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കുട്ടികള്‍ക്കായി ക്ലാസെടുക്കും. 23ന് വൈകുന്നേരം അഞ്ചിന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലെ വേദിയില്‍ കാര്‍ട്ടൂണിന്റെ ആചാര്യന്മാര്, കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമയ്ക്ക് ദേശീയ പുരസ്കാരം നേടിയ സുരേഷ് എറിയാട്ട്, തുള്ളല്‍ ആചാര്യന് കലാമണ്ഡലം പ്രഭാകരന്, മിമിക്രി രംഗത്തെ കെ.എസ്. പ്രസാദ് എന്നിവരെ ആദരിക്കും.
23, 24 തീയതികളില്‍ നടക്കുന്ന മീറ്റ് ദ കാര്‍ട്ടൂണിസ്റ്റില്‍ പ്രശസ്തരായ അജിത് നൈനാന്, ഇ.പി. ഉണ്ണി, സുഭാനി, മനോജ് സിന്‍ഹ തുങ്ങിയവര്‍ പങ്കെടുക്കും. 23ന് ഗസ്റ്റ് ഹൗസില്‍ മിനി സ്ക്രീനിലെ ആക്ഷേപ ഹാസ്യസംവാദത്തില് ജോര്‍ജ് പുളിക്കന്‍(ഏഷ്യാനെറ്റ്), ജയമോഹന് (മനോരമ ന്യൂസ്), പ്രമേഷ് കുമാര്‍ (മാതൃഭുമി) എന്നിവര്‍ പങ്കെടുക്കും. 24ന് നവമാധ്യമങ്ങളിലെ ചിരിയില്‍ ട്രോള്‍ താരങ്ങള്‍ എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847417254, 857001001, 949730003.