തിരുവനന്തപുരം : പത്തേമാരി എന്ന സിനിമ നിര്‍മിക്കുവാന്‍ പ്രമുഖരായ നിര്‍മാതാക്കള്‍ ആരും തയാറാകാത്തതു കൊണ്ടാണ് താന്‍ സിനിമയുടെ നിര്‍മാതാവും കൂടി ആകേണ്ടിവന്നതെന്നു സംവിധായകന് സലിം അഹമ്മദ്. പത്തേമാരിക്കു കിട്ടുന്ന ഓരോ അംഗീകാരവും ഉറ്റവരെ ജീവിപ്പിക്കുവാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ആദ്യകാല പ്രവാസികള്‍ക്കു സമര്‍പ്പിക്കുകയാണെന്നും സലിം അഹമ്മദ് പറഞ്ഞു.
മികച്ച സംവിധായകനും നിര്‍മാതാവിനുമുള്ള പത്മരാജന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ 24-ാം പത്മരാജന് പുരസ്കാരം നിര്‍മാതാവ് ഗാന്ധിമതി ബാലനില്‍ നിന്നും ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ഭവന് തിരുമുറ്റത്തായിരുന്നു ചടങ്ങ്. ചരിത്രത്തില്‍ എഴുതാതെ പോയ ആദ്യകാല പ്രവാസികളുടെ ജീവിതമാണ് പത്തേമാരിയിലൂടെ ആവിഷ്കരിച്ചത്.
മൂന്നര മണിക്കൂര്‍ കൊണ്ട് പ്ലെയിനില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നു എത്തിച്ചേരാം. എന്നാല്‍ ആദ്യകാലത്തെ പ്രവാസികള്‍ നാല്പതും അമ്പതും ദിവസം പത്തേമാരികളില്‍ അതികഠിനമായി യാത്ര ചെയ്താണ് ഗള്‍ഫില്‍ എത്തിയിരുന്നത്. കൂട്ടത്തിലുള്ളവര്‍ ഈ യാത്രയ്ക്കിടയില്‍ മരണപ്പെട്ടാല്‍ അവരുടെ ശവശരീരം കടലിനുള്ളില്‍ കെട്ടിത്താഴ്ത്തുവാനുള്ള കരിങ്കല്ലുകളും പത്തേമാരികളില്‍ സൂക്ഷിച്ചിരുന്നു. അറുപതുകളിലും എഴുപതുകളിലും ഗള്‍ഫില്‍ ഇങ്ങനെ എത്തിച്ചേര്‍ന്ന അമ്പതോളം ആള്ക്കാരുമയി താന്‍ സംസാരിച്ചുവെന്നും സലിം അഹമ്മദ് പറഞ്ഞു. കുടുംബത്തിലെ പട്ടിണി കൊണ്ടാണ് ഇത്തരത്തിലെ ജീവന്മരണ യാത്രകള്‍ തെരഞ്ഞെടുത്തത് എന്നും അവര്‍ പറഞ്ഞു. നിര്‍മാതാവ് ആകുവാനുള്ള ആഗ്രഹം കൊണ്ടല്ല നിര്‍മാതാവായത് മറിച്ച് ആകേണ്ടി വരികയായിരുന്നു എന്നും സലിം അഹമ്മദ് പറഞ്ഞു.
വളരെ ബുദ്ധിമുട്ടി എടുത്ത പത്തേമാരി ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറി. മാത്രമല്ല സിനിമ തുടങ്ങുന്നതിനു മുമ്പായി പ്രദര്‍ശനശാലകളില്‍ ആദ്യകാല പ്രവാസികളെ ആദരിക്കുന്ന ചടങ്ങും നടന്നു. പത്മരാജന് തിരക്കഥകള്‍ വായിച്ചു വളര്‍ന്ന തനിക്കു പത്മരാജന് ഗുരുസ്ഥാനീയനാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന് പുരസ്കാരം ഇ. വി. ശ്രീകുമാറിനു പ്രശസ്ത നോവലിസ്റ്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍ സമ്മാനിച്ചു. പത്മരാജനെ പോലെ സ്നേഹവും പ്രണയവും ഹൃദയത്തില്‍ ഇത്രമേല്‍ നിറച്ചുവച്ച എഴുത്തുകാര്‍ അപൂര്‍വമാണെന്നു ചെറുകഥ ജൂറി ചെയര്മാന് കൂടിയായ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ഉള്‍ക്കടല്‍ എന്ന തന്റെ സിനിമയെ സ്വന്തം സിനിമകളെക്കാള്‍ പത്മരാജന് സ്നേഹിച്ചിരുന്നു എന്നും ഓണക്കൂര്‍ പറഞ്ഞു.
ഉള്‍ക്കടലിലെ നായകനായി വന്ന വേണുനാഗവള്ളിയെ സിനിമയിലേക്കു നിയോഗിച്ചതും പത്മരാജന് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠിക്കുന്ന കാലം മുതല്‍ക്കെ തന്നെ മോഹിപ്പിച്ച ഴെുത്തുകാരനാണ് പത്മരാജന് എന്നും ചെറുകഥ പുരസ്കാരം ഏറ്റുവാങ്ങിയ ഇ.വി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പത്മരാജന് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് ഗാന്ധിമതി ബാലന് പത്തേമാരിയെ കുറിച്ച് പ്രസംഗിച്ചു. പത്മരാജന്റെ സുഹൃത്ത് ഉണ്ണിമേനോന് അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാബു പ്രസാദ് ചടങ്ങിനു സ്വാഗതം ആശംസിച്ചു. പത്മരാജന്റെ സഹധര്‍മിണി രാധാലക്ഷ്മി, മക്കളായ അനന്തപദ്മനാഭന്, മാധവിക്കുട്ടി, കൊച്ചുമകന് എന്നിവര്‍ ചടങ്ങിനു എത്തിയിരുന്നു.