വാര്‍ധക്യത്തിലെ സന്ധിവേദന

HEALTHവാര്‍ധക്യത്തോട് അടുക്കുന്തോറും ചര്‍മത്തിലും മുടിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ പോലെ തന്നെ ശരീരത്തിലെ പ്രധാന ഭാഗങ്ങളായ സന്ധികളിലും പേശികളിലും മാറ്റങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നു. നടക്കുമ്പോഴുണ്ടാകുന്ന വിഷമതകളും എഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ഒക്കെ ഇതിന്റെ ഒരു ഭാഗം മാത്രമാണ്. പ്രായമായവരെ അലട്ടുന്ന സന്ധിവേദനകളും അതിനുള്ള ആയുര്‍വേദ പരിഹാരമാര്‍ഗങ്ങളും അറിയാം…

എന്താണ് സന്ധികള്‍

പ്രധാനപ്പെട്ട അസ്ഥികള്‍ കൂടിച്ചേരുന്ന ഭാഗമാണ് സന്ധികള്‍. എന്നാല്‍ ഈ സന്ധികളില്‍ അസ്ഥികള്‍ നേരിട്ട് കൂടിച്ചേരുകയല്ല ചെയ്യുന്നത്. അസ്ഥികള്‍ തമ്മില്‍ ഉരയുന്നതുകൊണ്ട് തേയ്മാനം സംഭവിക്കാത്ത രീതിയില്‍ തരുണാസ്ഥികള്‍ എന്നൊരു ഭാഗത്തിന്റെ സഹായത്താലാണ് സന്ധികള്‍ രൂപം കൊണ്ടിരിക്കുന്നത്. പ്രധാനസന്ധികളുടെ ചുറ്റുമായി കാണപ്പെടുന്ന പ്രത്യേകതരം പാടയും വഴുവഴുപ്പുമുള്ള ദ്രാവകവും കൂടിയാകുമ്പോള്‍ അസ്ഥികള്‍ തമ്മില്‍ കൂടി ഉരസി തേയ്മാനം സംഭവിക്കാത്ത രീതിയില്‍ ഈ തരുണാസ്ഥികള്‍ ഒരു കുഷ്യന്റെ പരിരക്ഷ സന്ധിയില്‍ ഉണ്ടാക്കുന്നു.

അസ്ഥികൂടത്തിന് മടങ്ങാനും നിവരാനും ഉള്ള സ്വാതന്ത്ര്യം സന്ധികള്‍ പ്രദാനം ചെയ്യുന്നു. പേശികളാകട്ടെ ചലിക്കാനുള്ള ശക്തിയും ആരോഗ്യവും നല്‍കുന്നു. വാര്‍ധക്യത്തിലേക്ക് അടുക്കുന്തോറും പേശികളിലും സന്ധികളിലും അസ്ഥിയിലും ഉണ്ടാകുന്ന ബലക്ഷയങ്ങള്‍ ശരീരത്തിന്റെ നേരെയുള്ള നിലയെയും നടക്കാനുള്ള കഴിവിനെയും കുറയ്ക്കുകയും ബലക്ഷയവും ചലനത്തില്‍ വേഗക്കുറവും ഉണ്ടാക്കുന്നു.

വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍

അസ്ഥിയുടെ ആരോഗ്യത്തിന് അത്യാവശ്യമായ കാല്‍സ്യത്തിന്റെയും വിറ്റാമിനുകളുടെയും മറ്റ് പല ധാതുക്കളുടെയും കുറവ് മൂലം അസ്ഥിയുടെ ഘനവും വലിപ്പവും കുറയുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു.

ധാരാളം കശേരുക്കള്‍ കൂടിച്ചേര്‍ന്നാണ് നട്ടെല്ല് രൂപീകൃതമായിരിക്കുന്നത്. തമ്മില്‍ ഉരസി തേയ്മാനം സംഭവിക്കാതെയിരിക്കാന്‍ ഇവയിലെ ഓരോ കശേരുക്കള്‍ക്കിടയിലും ഹല്‍വാ പോലെ വളരെ മൃദുവായതും വഴുവഴുപ്പോടുകൂടിയതുമായ ഡിസ്ക്ക് എന്നറിയപ്പെടുന്ന ഭാഗമുണ്ട്. പ്രായമാകുമ്പോള്‍ ഇവയിലെ ദ്രവവും വഴുവഴുപ്പും കുറയുന്നതിന്റെ ഫലമായി കശേരുക്കള്‍ തമ്മില്‍ ഉരസി ഘനം കുറഞ്ഞ് അവ ചെറുതാകാന്‍ തുടങ്ങും. ഇതുമൂലം നട്ടെല്ലിന്റെ ചില ഭാഗങ്ങളില്‍ വളവുകള്‍ ഉണ്ടാകുകയും ഞെരുക്കം അനുഭവപ്പെടുകയും ചെയ്യാം. വാര്‍ധക്യത്തിന്റെ ഭാഗമായി നട്ടെല്ലില്‍ മുള്ളുകള്‍പോലെ ഉണ്ടാകുന്ന അസ്ഥിവളര്‍ച്ച പലപ്പോഴും കശേരുക്കളെയും ബാധിക്കാറുണ്ട്.

കാല്‍പ്പാദത്തിന്റെ അടിഭാഗത്തുള്ള വളവിന്റെ സ്വഭാവത്തില്‍ വ്യതിയാനം വരികയും കാല്‍പ്പാദത്തിന്റെ അടിഭാഗം നിരപ്പായിത്തീരുകയും ചെയ്യുന്നതുമൂലം ഉയരത്തില്‍ അല്‍പം കുറവ് സംഭവിക്കുകയും ശരീരത്തിന്റെ ബാലന്‍സ് ശരിയാകാതെയും വരാം.

പ്രായാധിക്യത്താലുള്ള ധാതുശോഷണം പലപ്പോഴും കൈകളിലേയും കാലുകളിലേയും നീളമുള്ള അസ്ഥികള്‍ പൊട്ടുന്നതിന് ഇടയാക്കും. എന്നാല്‍ സാധാരണയായി അവയ്ക്ക് നീളക്കുറവ് ഉണ്ടാകാറില്ല.

സന്ധികളുടെ പ്രവര്‍ത്തനക്ഷമത കുറയുക, അവയുടെ ചലനശേഷി കുറയുക, സന്ധികളിലെ ദ്രവം കുറയുക, സന്ധികളുടെ പ്രധാനഭാഗമായ തരുണാസ്ഥികള്‍ തമ്മില്‍ ഉരഞ്ഞ് തേഞ്ഞുപോകുക, കാല്‍സ്യം പോലുള്ള ധാതുക്കള്‍ സന്ധികള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുക എന്നിവയെല്ലാം വാര്‍ധക്യത്തിലെ പ്രധാന വൈഷമ്യങ്ങളാകുന്നു.

വാര്‍ധക്യത്തില്‍ അരക്കെട്ടിലെയും കാല്‍മുട്ടിലെയും തരുണാസ്ഥികള്‍ ഏറ്റവും കൂടുതലായി ക്ഷയിക്കന്നു. ഇതിനെയാണ് സാധാരണയായി തേയ്മാനം എന്നു പറയുന്നത്. ഇതിന്റെ ഫലമായി ചലനശേഷി വളരെയധികം കുറയുകയും നടക്കുമ്പോള്‍ നീരും വേദനയും ഉണ്ടാവുകയും ചെയ്യും. കൈവിരലുകളിലെ തരുണാസ്ഥികള്‍ നഷ്ടപ്പെടുന്നതിന്റെ ഫലമായി വിരലുകള്‍ നിവര്‍ക്കാനും മടക്കാനും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു. കൈവിരലുകളിലുണ്ടാകുന്ന ഈ അവസ്ഥ സ്്ത്രീകളിലാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

പേശികളിലെ കോശങ്ങള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നതുമൂലം പേശികള്‍ക്ക് ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറയും. പ്രായമായതിനുശേഷം വ്യായാമം ചെയ്താല്‍ പോലും ഒരുപരിധിവരെ ഈ പ്രതിഭാസം സംഭവിക്കാം.

പ്രതിരോധമാര്‍ഗങ്ങള്‍

ക്ഷീണത്തെ പ്രതിരോധിക്കാന്‍ നേരത്തെത്തന്നെ ആരംഭിക്കുന്ന വ്യായാമമുറകള്‍, ഭക്ഷണശീലങ്ങള്‍, ആയുര്‍വേദ ചികിത്സാരീതികള്‍ എന്നിവ ഏറ്റവും സഹായകമാകും.

അസ്ഥികള്‍ക്ക് ബലത്തെയും ശരീരത്തിന് ആരോഗ്യത്തെയും പ്രധാനം ചെയ്യുന്നതിനോടൊപ്പം തന്നെ ശരീരത്തിന്റെ ബാലന്‍സിനെയും വളയാനും നിവരാനുമുള്ള ശേഷിയെയും നിലനിര്‍ത്താന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായകമാകും.

കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന സമീകൃതാഹാരം നേരത്തെ തന്നെ ശീലമാക്കണം. പ്രത്യേകിച്ചും സ്ത്രീകള്‍. ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളും 65 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരും കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ ശരിയായ അളവില്‍ നിത്യവും ശരീരത്തില്‍ എത്തുന്നുണെ്ടന്ന് ഉറപ്പുവരുത്തിയിരിക്കണം.

കാല്‍സ്യവും വിറ്റാമിനുകളും ആഹാരത്തിലൂടെ

പല ആഹാരങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണെ്ടങ്കിലും പാലിലും പാല്‍ ഉല്‍പന്നങ്ങളിലുമാണ് ഇവ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ശരീരത്തിന് ഏറ്റവും എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടാവുന്ന രൂപത്തില്‍ കാത്സ്യം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് തൈര്, വെണ്ണ, മോര്, പാല്‍ എന്നിവയിലാണ്. പാലില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ കാത്സ്യത്തെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിന് ശരീരത്തെ സഹായിക്കുന്നു.

ശരീരത്തില്‍ എത്തിയിരിക്കുന്ന കാത്സ്യത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിന് പാലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി വളരെയേറെ സഹായകമാണ്.

ഇലക്കറികള്‍ പ്രത്യേകിച്ചും ചീര, ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ്, തക്കാളി എന്നിവയിലും ബദാം പരിപ്പ്, സൂര്യകാന്തി വിത്ത്, ഉണങ്ങിയ പയറുകള്‍ എന്നിവയിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതേപോലെ തന്നെ സോയാമില്‍ക്കും ധാരാളം കാത്സ്യം ചേര്‍ത്താണ് ഉണ്ടാക്കുന്നത്. പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കാത്തവര്‍ക്കും വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്‍തുടരുന്നവര്‍ക്കും കാല്‍സ്യത്തിനുള്ള കലവറയായി ഇവ ഉപയോഗിക്കാം.

ആയുര്‍വേദ ചികിത്സ

40 വയസിനുശേഷം നിത്യവും ശരീരത്തില്‍ തൈലം പുരട്ടി വ്യായാമം ചെയ്തതിനുശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതും വര്‍ഷത്തിലൊരിക്കലെങ്കിലും ഒരാഴ്ച മുതല്‍ നാലാഴ്ച വരെ അവരവരുടെ ആരോഗ്യസ്ഥിതിക്കും കഴിവിനും അനുസരിച്ച് കിഴി, പിഴിച്ചില്‍, ധാര, തിരുമ്മല്‍ എന്നീ ആയുര്‍വേദ ചികിത്സകളും ഔഷധസേവകളും ശാസ്ത്രീയമായി ചെയ്യുന്നതും വാര്‍ധക്യകാലത്ത് സന്ധികളെയും അസ്ഥികളെയും പേശികളെയും സംബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈഷമ്യങ്ങളില്‍ നിന്നു മുക്തി നല്‍കും.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം.

Related posts