കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി. കോശി ജൂലൈ 11ന് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ഇതു സംബന്ധിച്ചു കമ്മീഷന്‍ മുമ്പാകെ വീണ്ടും പരാതി വന്നുവെങ്കിലും എതിര്‍ഭാഗത്തു നിന്ന് ബന്ധപ്പെട്ടവര്‍ ഹാജരാകാത്തതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. കാന്‍സര്‍ സെന്ററിന്റെ ഭാഗമായി ഒപി തുടങ്ങണമെന്ന മുന്‍ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരെ ഇക്കാര്യം അറിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. തലസ്ഥാനമായ തിരുവനന്തപുരത്തു മാത്രം ആശുപത്രികള്‍ മതിയെന്ന ചിന്താഗതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ഇന്നലെ പഴയതും പുതിയതുമായി 93 പരാതികളാണു കമ്മീഷന്‍ മുമ്പാകെ ലഭിച്ചത്. ഇതില്‍ 28 എണ്ണം തീര്‍പ്പായി.