അവര്‍ ഇനി ഒന്നിക്കില്ലേ?

ranbeer300516ബോളിവുഡിലെ ഹോട്ട് കമിതാക്കളായ രണ്‍ബീര്‍ കപൂറും കത്രീന കെയ്ഫും ഒന്നിക്കുന്ന അവസാന ചിത്രമായി ജഗ്ഗ ജസൂസ് മാറുമോയെന്നാണ് ഇരുവരുടെയും ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രണയത്തിനും ഒരുമിച്ചു താമസിക്കലിനും ശേഷം ഇരുവരും ബന്ധം അവസാനിപ്പിച്ചത് അടുത്തിടെയാണ്. രണ്ടുപേരും ഇപ്പോള്‍ കണ്ടാല്‍പ്പോലും മിണ്ടില്ലെന്ന നിലയിലായിട്ടുണ്ട്.

കൂട്ടുകൂടി നടന്നിരുന്ന സമയത്ത് കരാര്‍ ഒപ്പിട്ടതുകൊണ്ടു മാത്രമാണ് ഇരുവരും ജഗ്ഗ ജസൂസില്‍ മനസില്ലാ മനസോടെ അഭിനയിക്കുന്നത്. ഇരുവരുടെയും പിണക്കം മൂലം ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളൊക്കെ ചിത്രീകരിക്കാന്‍ സംവിധായകന്‍ അനുരാഗ് ബസു നന്നേ വിയര്‍ത്തു. ലൊക്കേഷനില്‍ ഇരുവരും എത്തുമെങ്കിലും വേറെ വേറെയാണ് ഇരിപ്പും നടപ്പുമെല്ലാം. അഭിനയിക്കാനായി വിളിക്കുമ്പോള്‍ മാത്രമേ ഇരുവരും എന്തെങ്കിലും സംസാരിക്കൂ. അതും സിനിമയെക്കുറിച്ചു മാത്രം. അഭിനയം കഴിയുന്നതോടെ ഇരുവരും അവരവരുടേതായ കാരവാനില്‍ പോയി ഇരിപ്പാണ് പതിവ്.

ബോളിവുഡില്‍ രണ്‍ബീര്‍ കപൂര്‍-കത്രീന കെയ്ഫ് ജോഡികള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. ജഗ്ഗ ജസൂസിനു ശേഷം ഇരുവരും വീണ്ടുമൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കില്ലായെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം. മുമ്പ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണുമായി പ്രണയത്തിനുശേഷം പിരിഞ്ഞ ആളാണ് രണ്‍ബീര്‍. അന്നു രണ്‍ബീറും ദീപികയും കണ്ടാല്‍ മിണ്ടാറു പോലുമില്ലായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരുടെയും പിണക്കം അലിഞ്ഞില്ലാതാവുകുയും യേ ജവാനി ഹൈ ദിവാനി, തമാശ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിക്കുകയും ചെയ്തിരുന്നു. ഇതുപോലെ രണ്‍ബീറും കത്രീനയുമായുള്ള പിണക്കവും കുറേനാള്‍ കഴിയുമ്പോള്‍ അലിഞ്ഞില്ലാതാവുമെന്നും ഇരുവരും വീണ്ടുമൊരു ചിത്രത്തിനുവേണ്ടി ഒരുമിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് രണ്‍ബീറിന്റെയും കത്രീനയുടെ ആരാധകര്‍.

Related posts