പാലക്കാട്: സംസ്ഥാനത്തേക്കു നികുതി വെട്ടിച്ച് കടത്തിയ എട്ടരകിലോ സ്വര്‍ണാഭരണങ്ങള്‍ എക്സൈസ് സംഘം പിടികൂടി. രണ്ടരകോടി രൂപ വിപണിവില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കോയമ്പത്തൂര്‍-തൃശൂര്‍ കെഎസ്ആര്‍ടിസി ബസിലാണ് കടത്തിയിരുന്നത്. വാളയാര്‍ കനാല്‍ പിരിവില്‍ വാഹനപരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം സ്വര്‍ണവുമായി മൂന്നുപേരെ പിടികൂടിയത്.
ബംഗളൂരു സ്വദേശികളായ തരുണ്‍, അനില്‍, അജേറാം എന്നിവരാണ് പിടിയിലായത്. യാതൊരു രേഖയുമില്ലാതെയാണ് സ്വര്‍ണാഭരണങ്ങള്‍ കടത്തിയതെന്നു വ്യക്തമായി. കര്‍ണാടക സര്‍ക്കാരിലേക്ക് നികുതി അടച്ചതിന്റെ ഒരു ഡെലിവറി നോട്ട് മാത്രമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ബംഗളൂരുവില്‍നിന്നും തൃശൂരിലേക്കാണ് സ്വര്‍ണാഭരണങ്ങള്‍ കടത്തിയിരുന്നത്. ഏഴ് പ്ലാസ്റ്റിക് ബോക്സുകളിലായി രണ്ടു ബാഗുകളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കമ്മല്‍ മുതല്‍ നെക്ലെസ് വരെ വിവിധങ്ങളായ ആഭരണങ്ങളായാണ് എട്ടര കിലോ സ്വര്‍ണവും കടത്തിയത്. ഇതു കേരളത്തിലേക്കു കൊണ്ടു വരാന്‍ പന്ത്രണ്ടര ലക്ഷത്തോളം രൂപ നികുതി അടയ്ക്കണമെന്നു വാണിജ്യനികുതി അധികൃതര്‍ അറിയിച്ചു.
വാളയാര്‍ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് പറളി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സാന്റന്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ എം. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിഷു ജോസഫ്, രമേഷ്, ഡ്രൈവര്‍ എസ്. പ്രദീപ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സ്വര്‍ണം വാണിജ്യനികു തി അധികൃതര്‍ക്കു കൈമാറി.