ഒറ്റപ്പാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു; നഗരസഭ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു

PKD-PLASTICഒറ്റപ്പാലം: ഒറ്റപ്പാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ നഗരസഭ അമ്പതു മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു. കനംകുറഞ്ഞ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം ഉയര്‍ന്നതോടെയാണ് ഒറ്റപ്പാലത്ത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായി തീര്‍ന്നത്. ഇത്തരം കാരിബാഗുകള്‍ പരിസ്ഥിതിക്ക് ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഒറ്റപ്പാലത്ത് ശേഖരിക്കുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് സാമഗ്രികളാണെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു.

മുപ്പതു മൈക്രോണിനു താഴെ മാത്രം കനംവരുന്ന ഇത്തരം കാരിബാഗുകള്‍ സംസ്കരിക്കുന്നതിനും നശിപ്പിക്കുന്നതിനും സംവിധാനമില്ലാത്തതാണ് നഗരസഭ അധികൃതരെ വെട്ടിലാക്കുന്നത്.ഈ സാഹചര്യത്തിലാണ് അമ്പതു മൈക്രോണിനു താഴെവരുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ നഗരസഭാ പ്രദേശത്ത് പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഒറ്റപ്പാലം നഗരത്തിനുള്ളില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.

യഥാസമയം ഇത് സംസ്കരിക്കാനാകാത്ത സ്ഥിതിയിലാണ് ശുചീകരണ തൊഴിലാളികള്‍. ഒറ്റപ്പാലത്തെ കടകളിലും സ്ഥാപനങ്ങളിലും കനംകുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗവും വില്പനയും വ്യാപകമാണ്. നഗരസഭയുടെ നിരോധനത്തിനൊന്നും ഇവ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ശേഖരിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ കത്തിച്ചുകളയാനും സാധിക്കാത്ത സ്ഥിതിയാണുള്ളത്. കനംകുറഞ്ഞ ഇത്തരം ബാഗുകളുടെ ഉപയോഗത്തിനും വില്പനയ്ക്കുമെതിരേ നടപടിയുണ്ടാകാതിരുന്നതാണ് പരിസ്ഥിതിക്ക് കനത്ത ഭീഷണിയായി ഇവയുടെ ഉപയോഗം ഒറ്റപ്പാലത്ത് വര്‍ധിക്കുന്നതു കാരണമായത്.  പ്ലാസ്റ്റിക്കിന്റെ ഉപയോഗംമൂലം ഉണ്ടാകുന്ന വിപത്തിനെതിരേ വ്യാപക ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ജനങ്ങള്‍ ഉള്‍ക്കൊളുന്നില്ല.

Related posts