മലിനജല ശുദ്ധീകരണ പ്ലാന്റ്: ജനം രോഗഭീതിയില്‍

ktm-malinyamplantഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ശുദ്ധികരിക്കുന്നതിനുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍  ജനങ്ങള്‍ രോഗഭീതിയില്‍. മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ നിന്നും ദിനംപ്രതി എട്ട് ദശലക്ഷം ലിറ്റര്‍ മലിനജലം പുറന്തള്ളുന്നതായാണ് കണക്ക്. ഇങ്ങനെ പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിച്ച് തിരികെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രി കോമ്പൗണ്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള അത്യാധുനിക മലിനജല ശുദ്ധികരണ പ്ലാന്റ് നിര്‍മിക്കുകയെന്നതാണ് പദ്ധതി. എന്നാല്‍ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മുടിയൂര്‍ക്കര ഭാഗത്ത് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടി രൂപ മുടക്കി പ്ലാന്റിന്റെ നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും മലിനജലം ശുദ്ധീകരിച്ചതിനുശേഷം തിരികെ ശുദ്ധീകരിക്കപ്പട്ട വെള്ളം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്നും പുറന്തള്ളുന്ന മലിനജലം പ്ലാന്റിലെത്തിച്ച ശേഷം സമീപത്തെ തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുകയാണ്. ഈ മലിനജലം ഒഴുകി സമീപത്തെ കുടിവെള്ള സ്രോതസുകളിലും പെണ്ണാര്‍തോട്ടിലും തരിശ് പാടശേഖരത്തിലും എത്തുന്നതിനാല്‍ സമീപവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ദിനംപ്രതി പെണ്ണാര്‍ തോട്ടിലേക്കും സമീപത്തെ തുറസായ സ്ഥലത്തേക്കും ഒഴുക്കുന്നത്.

തുറസായ സ്ഥലത്തേക്ക് പ്ലാന്റില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ സമീപവാസി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. പ്ലാന്റില്‍ നിന്നും ജലം തുറസായ സ്ഥലത്തുകൂടി ഒഴുക്കാതെ പൈപ്പുവഴി ഒഴുക്കമെന്നായിരുന്നു അയല്‍വാസിയുടെ ആവശ്യം. പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മലിനജലം തന്നെയാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് പരിസരവാസികള്‍ പറയുന്നു. എന്നാല്‍ പൈപ്പു ഉപയോഗിക്കാതെ ഇപ്പോഴും പ്ലാന്റില്‍ നിന്നും തുറസായ സ്ഥലത്തേക്ക് പഴയപടി തന്നെയാണ് വെള്ളം ഒഴുക്കുന്നത്.

ഇവിടെ നിന്നുള്ള വെള്ളം പതിക്കുന്ന പെണ്ണാര്‍ തോട് പടിഞ്ഞാറാന്‍ പാടശേഖരങ്ങളിലേക്കാണ് പോകുന്നത്. ഇതു പകര്‍ച്ചവ്യാധി രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനിടയാക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ഇത്തരത്തില്‍ ആശുപത്രി പരിസരത്തെ വിവിധയിടങ്ങളില്‍ ഒഴുകിയെത്തുന്നതിനാല്‍ സമീപവാസികളായ ജനങ്ങള്‍ പലപ്പോഴും കുടിവെള്ളം പണംകൊടുത്തു വാങ്ങുകയാണ്. മഴക്കാലത്തിന് തുടക്കമായതോടെ പ്ലാന്റില്‍ നിന്നുള്ള വെള്ളം കുടുതല്‍ സ്ഥലങ്ങളില്‍ ഒഴുകിയെത്തുന്നതിന് ഇടയായിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം പൈപ്പുവഴി മുടിയൂര്‍ക്കരിയിലെ പ്ലാന്റിനോട് ചേര്‍ന്നുള്ള വലിയ കുളത്തില്‍ ശേഖരിക്കും. ഈ മലിനജലം ശുദ്ധികരിക്കുന്നതിന്  വിവിധ സംവിധാനങ്ങള്‍ തയാറാക്കിട്ടുള്ള  എട്ട് ചെറിയ പ്ലാന്റ് വഴി കടത്തി വിട്ട് ശുദ്ധീകരിക്കുന്നതിനാണ് പദ്ധതി. നിലവില്‍ വലിയ കുളത്തില്‍ ശേഖരിച്ച് പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന ജലം വേണ്ടത്ര ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനമില്ല. പ്ലാന്റിനോട് ചേര്‍ന്ന് ലാബോര്‍ട്ടറിക്കായി മുറി പണിതു ബോര്‍ഡ്‌വച്ചിട്ടുണ്ടെങ്കിലും ലാബിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പ്ലാന്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള ഓഫിസ് സംവിധാനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തിയിട്ടില്ല.

Related posts