ഏറ്റുമാനൂര്‍: പാറ്റ്‌ന സ്വദേശികളായ അബ്ദുള്‍ കലാമിന്റെയും അക്തറീബീഗത്തിന്റെയും അഞ്ചുമക്കള്‍ മലയാളം മീഡിയം സ്കൂളുകളില്‍ ഇന്ന് പഠനമാരംഭിക്കും. ഇളയമക്കളായ തൗഫിക്കും മോഫീദും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടിഐയില്‍ ഒന്നാംക്ലാസില്‍ ഇന്ന് ആദ്യാക്ഷരം കുറിക്കുമ്പോള്‍ ഇതേ സ്കൂളില്‍ തന്നെ സഹോദരിമാരായ സബീന ഏഴാംക്ലാസിലും സാമ്പ്രിന്‍ അഞ്ചാംക്ലാസിലും പഠിക്കും. മൂത്തസഹോദരനായ സമീര്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഒമ്പതാംക്ലാസില്‍ ഇന്ന് പഠനമാരംഭിക്കും.സ്കൂളില്‍ പഠിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.
ഇളയകുട്ടികളായ തൗഫീക്കും മോഫീദും ഏതാനും ചില മലയാളം വാക്കുകള്‍ പറയുമെന്നല്ലാതെ ഇവര്‍ക്കാര്‍ക്കും മലയാളം അറിയുകയേയില്ല. എന്നാല്‍ അഞ്ചുപേര്‍ക്കും ഇതൊരു പ്രശ്‌നമേയല്ല. “ഞങ്ങള്‍ സ്കൂളില്‍ പോകും, നന്നായി പഠിക്കും’ അഞ്ചുപേരും ഒരേ സ്വരത്തില്‍ പറയുന്നു. ബിഹാറില്‍നിന്നും കേരളത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും തൊഴിലാളികളാണെങ്കില്‍ അബ്ദുള്‍ കലാം തെരുവു കച്ചവടക്കാരനായാണ് ഒരു വര്‍ഷം മുമ്പ് ഏറ്റുമാനൂരില്‍ എത്തിയത്.
പടിഞ്ഞാറേനടയ്ക്കു സമീപം വാടകവീടെടുത്ത് കുടുംബസമേതം താമസിക്കുന്നു. കഴിഞ്ഞവര്‍ഷം കുട്ടികള്‍ സ്കൂളില്‍ പോയില്ല.കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ താത്പര്യമെടുത്തത് സിപിഐ പ്രാദേശിക നേതാവും മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) കോട്ടയം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.കെ.ചന്ദ്രശേഖരന്‍നായരാണ്.
സ്കൂള്‍ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതും കുട്ടികള്‍ക്ക് പുത്തന്‍ബാഗും കുടയും സംഘടിപ്പിച്ചു നല്‍കുന്നതുമെല്ലാം അദ്ദേഹമാണ്. സംഘടനയിലെ അംഗങ്ങളുടെ കുട്ടികളുടെ പഠനം മുടങ്ങരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള അദ്ദേഹം കല്ലറ, നീണ്ടൂര്‍, കാണക്കാരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലായി മുപ്പതോളം അന്യസംസ്ഥാനക്കാരായ കുട്ടികളെ ചേര്‍ത്തിട്ടുണ്ട്.