കണ്ണൂർ: മഴ കനത്തതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നനഞ്ഞൊലിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഒന്നാം നന്പർ പ്ലാറ്റ് ഫോമിന്റെ മധ്യഭാഗം മുഴുവൻ ചോരുന്നതാണ് യാത്രക്കാരെ നനയ്ക്കുന്നത്. ഓവർ ബ്രിഡ്ജിലെ ചവിട്ടുപടിയുടെ ഭാഗത്തെ അവസ്ഥയാകട്ടെ ഇതിനെക്കാൾ പരിതാപകരമാണ്. യാത്രക്കാർക്ക് കൂട ചൂടാതെ ഇവിടെ നില്ക്കാൻ കഴിയില്ല.
നിലത്തു മുഴുവൻ വെള്ളം കെട്ടി നില്ക്കുകയും പുറത്തുനിന്ന് ചവിട്ടിയെത്തിയ ചെളിയും കൂടിയാകുന്നതോടെ പ്ലാറ്റ്ഫോമിൽ പലരും തെന്നിവീഴുന്ന അവസ്ഥയുമുണ്ട്. അന്താരാഷ്ട്ര വിമാനത്താവളമടക്കം സജ്ജമായ 114 വർഷത്തെ പാരന്പര്യമുള്ള കണ്ണൂരിലെ പ്രധാന റെയിൽവേ സ്റ്റേഷന്റെ അവസ്ഥയാണിത്.
പ്രതിദിനം 47 സ്ഥിരം ട്രെയിനുകളും നിരവധി ചരക്കു ട്രെയിനുകളും ആഴ്ചയിൽ ഇരു ഭാഗങ്ങളിലേക്കുമായി 58 ദീർഘദൂര ട്രെയിനുകളും കടന്നുപോകുന്ന റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർക്ക് നനഞ്ഞ് സമയം തള്ളിനീക്കേണ്ടിവരുന്നത്. ആറു വർഷത്തിനിടെ 1.50 കോടി രൂപയോളം ചെലവഴിച്ച് റെയിൽവേ സ്റ്റേഷനിലെ കെട്ടിടമടക്കം നവീകരിച്ചെങ്കിലും പ്ലാറ്റ് ഫോമിന്റെ മോശമായ ഷീറ്റുകൾ മാറ്റുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ അധികൃതർ തയാറായിരുന്നില്ല. ഇതിപ്പോൾ ദുരിതയാത്രയ്ക്ക് വഴിമാറിയിരിക്കുകയാണ്.
ചോർച്ച ഒഴിവാക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകൾ പുതുക്കി പണിയുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ എഇ രാഷ്ട്രദീപികയോട് പറഞ്ഞു. ടെൻഡർ നടപടികൾ പുർത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അശാസ്ത്രീയമായി നിർമിച്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പുതിയ അടിപ്പാത വെള്ളം നിറഞ്ഞ് അടച്ചിട്ടതിലും പ്ലാറ്റ്ഫോം മേൽക്കൂര ചോർന്ന് ഒലിക്കുന്നതിലും പ്രതിഷേധിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ കഴിഞ്ഞ ദിവസം കുടപിടിച്ച് പ്രതിഷേധിച്ചിരുന്നു.