തോട് കൈയേറി കെട്ടിടം പണിതു; കടകളില്‍ വെള്ളം പൊങ്ങി

kkd-thoduവടകര: തോട് കൈയേറി കെട്ടിടം പണിതത് വില്യാപ്പള്ളി ടൗണില്‍ വെള്ളപ്പൊക്കത്തിനിടയാക്കി. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പൊതുവഴിയും കടകളും വെള്ളത്തില്‍ മുങ്ങി. ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ കടകളിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. പ്രധാന ഹോട്ടലായ ചാത്തോത്ത് റസ്‌റ്റോറന്റിനകത്ത് വെള്ളം കെട്ടി നിന്നു. ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ ഹോട്ടലില്‍ നിന്നു മഴവെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു.

മുമ്പ് വലിയ വീതിയിലൊഴുകിയ തോടിന് മേലെ കോണ്‍ക്രീറ്റ് സ്ലാബിട്ട് സ്വകാര്യ വ്യക്തി കെട്ടിടം പണിതതാണ് ദുരിതത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം വെള്ളം കടകള്‍ക്കുള്ളിലൂടെ ഒഴുകാന്‍ തുടങ്ങിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇതോടെ കോണ്‍ക്രീറ്റ്  സ്ലാബ് തകര്‍ത്ത് വെള്ളം ഒഴുകിപ്പോവാനുള്ള വഴിയുണ്ടാക്കി. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലെ വെള്ളം മുഴുവന്‍ ചാത്തോത്ത് റസ്‌റ്റോറന്റിനുള്ളിലൂടെയും തൊട്ടടുത്തുള്ള കസ്തൂരി ടെക്സ്റ്റയില്‍സ്, ദുബൈ ഷോപ്പ്, ഫാന്‍സി കട എന്നിവയിലൂടെയുമാണ് പുറത്തേക്കു കുത്തിയൊലിച്ചത്. തോടിലെ സുഖകരമായ ഒഴുക്ക് തെങ്ങിന്റെ അവശിഷ്ടങ്ങളടക്കം വന്ന് നിറഞ്ഞ് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഒഴുക്ക് തടയപ്പെട്ടപ്പോള്‍ കടകളിലൂടെയായി വെള്ളത്തിന്റെ പോക്ക്.

തോട് കയ്യേറിയാണ് ഇവിടെ കെട്ടിടം പണിതതെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. രാഷ്ട്രീയവും മറ്റുമുള്ള കാരണങ്ങളാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ഈ കെട്ടിടത്തിലാണ്് കനറാ ബാങ്ക് ഉള്‍പെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ തോട് ടൗണിലെ ഓടയുമായി കൂട്ടി യോജിപ്പിച്ചിരുന്നു. ചോത്തോത്ത് റസ്റ്റോറന്റിനോട് ചേര്‍ന്നാണ് തോടിന്റെ മേലെ സ്ലാബിട്ട് മൂടിയത്. ഇവിടെ നിന്ന് തുടങ്ങി മീറ്ററുകളോളം നീളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് പണിത് അതിന് മുകളില്‍ കെട്ടിടവും നിര്‍മിച്ചു.  ഈ ഭാഗത്ത് ഒഴുക്ക് തടസപ്പെട്ടതോടെയാണ് വലിയ തോതില്‍ വെള്ളം ഹോട്ടലിനുള്ളിലേക്കും മറ്റും കയറി നാശം വിതച്ചത്.

Related posts