കളമശേരി: വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് ആശ്വാസമാകേണ്ടിയിരുന്ന കളമശേരിയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടിയിട്ട് ഒരു വര്‍ഷമാകുന്നു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നോര്‍ത്ത് കളമശേരിയില്‍ ആരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്‍െറ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പുനരാരംഭിക്കാന്‍ ജനപ്രതിനിധികളും മുന്‍കൈ എടുക്കുന്നില്ല.
കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ 750 ചതുരശ്ര അടി കടമുറികളാണ് സൗജന്യമായി കണ്‍സ്യൂമര്‍ ഫെഡറേഷന് നല്‍കിയിരുന്നത്.ബാങ്കും കണ്‍സ്യൂമര്‍ ഫെഡറേഷനുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ കാലാവധി 2015 ഫിബ്രവരി 14ന് അവസാനിച്ചു.കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറി പല തവണ കത്തയച്ചെങ്കിലും ഫെഡറേഷന് ഉദ്യോഗസ്ഥര്‍ യാതൊരു മറുപടിയും നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ബാങ്കിന്റെ സ്ഥലത്തുനിന്ന് ത്രിവേണി സൂപ്പര്‍ മാര്‍ക്കററ് ഒഴിയണമെന്നാവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറി കണ്‍സ്യൂമര്‍ ഫെഡറേഷന് റീജണല്‍ മാനേജര്‍ക്ക് കത്തയക്കുകയായിരുന്നു.
കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കിയിരുന്ന നന്മ സ്റ്റോറിന്റെ പ്രവര്‍ത്തനം അങ്ങനെ നിലച്ചു.എന്നാല്‍ സ്ഥാപനം നിര്ത്തിപ്പോകാതിരിക്കാന് നഗരസഭയോ ജനപ്രതിനിധികളോ താത്പര്യം കാണിച്ചില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ത്രിവേണി സൂപ്പര്‍ മാര്‍ക്കററ് പ്രവര്‍ത്തിച്ചിരുന്ന മുറികള്‍ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയായ സ്ഥിതിക്ക് മറ്റാര്‍ക്കെങ്കിലും കൈമാറുന്നതിന് മുമ്പ് വീണ്ടും ആരംഭിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.