വിവാദങ്ങളില്‍ കുടുങ്ങി ഹരിപ്പാട് മെഡിക്കല്‍ കോളജ്! ആശുപത്രി നിര്‍മാണത്തിന് സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടില്ല: ചെന്നിത്തല; വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി

Rameshഹരിപ്പാട് മെഡിക്കല്‍ കോളജ് : ആലപ്പുഴ: നിര്‍ദ്ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു രൂപ പോലും ചിലവാക്കിയിട്ടില്ലെന്ന് ചെന്നിത്തല ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നബാര്‍ഡിന്റെ സഹകരണത്തോടെയാണ് മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 300 കോടി ആവശ്യപ്പെട്ടെങ്കിലും 90 കോടിയാണ് അനുവദിച്ചത്. എന്നാല്‍ ഇത് ലഭിച്ചിരുന്നില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇത്തരം  സംരംഭങ്ങള്‍ വേണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് താന്‍ കത്തുനല്കുമെന്നും  ചെന്നിത്തല പറഞ്ഞു. നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. വസ്തുതകള്‍ പരിശോധിക്കാതെയാണ് മന്ത്രിമാരടക്കം ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഹരിപ്പാട് മെഡിക്കല്‍ കോളജ് വേണ്ടായെന്നതാണ് സര്‍ക്കാര്‍ നയമെങ്കില്‍ അത് തുറന്നുപറയാന്‍ തയാറാകണം.

ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയാണ് മെഡിക്കല്‍ കോളജിനായി സ്ഥലം കണ്ടെത്തിയത്. മെഡിക്കല്‍ കോളജിന് 25 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെ നിയമിച്ചിട്ടില്ലെന്നും ഇവര്‍ നിക്ഷേപം നടത്താന്‍ തയാറായി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി

ആലപ്പുഴ/ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തെച്ചൊല്ലി വിവാദങ്ങള്‍ മുറുകുന്നു.  ധനമന്ത്രിയും ആരോഗ്യ മന്ത്രിയും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചത്.  മെഡിക്കല്‍ കോളജ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ കമ്മിറ്റി രംഗത്തെത്തി.  അതേസമയം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നടത്തുന്ന അസത്യ പ്രസ്താവന അപലപനീയമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കേ. സോമന്‍ പത്രത്തിലാണ് ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണമെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്.

ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇതിനെതിരെ പ്രതിഷേധിക്കാത്ത പാര്‍ട്ടിയാണ് സിപിഎം.  സംസ്ഥാന ഖജനാവിലും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ്. ആലപ്പുഴ ജില്ലയിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹരിപ്പാട് മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളില്‍ ഇത് സംബന്ധിച്ച് ഇതിന് നിയമ സാധ്യതയില്ല. ജനങ്ങളെ പ്രസ്താവനയിലൂടെ കബളിപ്പിക്കുകയാണ് മന്ത്രി ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം മറ്റൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നീക്കം നടത്തിയത് കച്ചവടക്കാരെ സഹായിക്കാന്‍ വേണ്ടിമാത്രമാണെന്നും എം. സോമന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ആരുമില്ല. ഇവരില്‍ ചിലര്‍ കളങ്കിത വ്യക്തിത്വങ്ങളുമാണ്. പത്രസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണനും പങ്കെടുത്തു.

അതേസമയം ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ പേരില്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു, കേരളത്തിലെ മൂന്നു മന്ത്രിമാര്‍ കാര്യങ്ങള്‍ പഠി്ക്കാതെയാണ് പ്രതികരികുന്നത്.

മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗങ്ങളിലെല്ലാം സിപിഎം നേതാക്കള്‍ പങ്കെടുത്തിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന എതിര്‍പ്പ് ഇപ്പോള്‍ എവിടെ നിന്നുണ്ടായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. ബ്ലോക്ക് പ്രസിഡന്റമാരായ പാണ്ഡവത്ത് വിനോദ്, എം.ആര്‍. ഹരികുമാര്‍ എന്നിവരും ജോണ്‍ തോമസ്, എം.എം. ബഷീര്‍, എം.കെ..വിജയന്‍, കെ.എം. രാജു, രാജേന്ദ്രകുറുപ്പ്, കെ.കെ. സുരേന്ദ്രനാഥ് എന്നിവര്‍ പറഞ്ഞു.

Related posts