എ.എഫ്.ഷാഹിന
അറേബ്യന്‍-പേര്‍ഷ്യന്‍ വാസ്തു വിദ്യയില്‍ കേരളത്തില്‍ ആദ്യം നിര്‍മിക്കപ്പെട്ട സ്മാരകം കൊണ്ടോട്ടി ഖുബ്ബയാണ്. മണ്‍മറഞ്ഞ മഹാരഥന്‍മാരുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ നിര്‍മിക്കപ്പെടുന്ന ഇത്തരം മന്ദിരങ്ങള്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ കേരളത്തില്‍ കുറവാണ്. നൂറ്റാണ്ടുകളുടെ കഥ പറയുന്ന കൊണ്ടോട്ടി ഖുബ്ബ ഇന്നും ചരിത്ര വിദ്യാര്‍ഥികള്‍ക്കും വിദേശികള്‍ക്കും പഠനാര്‍ഹമായ ഗേഹമാണ്. കൊണ്ടോട്ടി തങ്ങള്‍ക്കുടുംബത്തിലെ പ്രഥമന്‍ മുഹമ്മദ് ഷാ തങ്ങളുടെ സ്മരണാര്‍ത്ഥം 1814ല്‍ തങ്ങളുടെ രണ്ടാമത്തെ പിന്‍ഗാമിയായ ഇഷ്ത്വാഖ് ഷാ തങ്ങളാണ് കൊണ്ടോട്ടി ഖുബ്ബ നിര്‍മിച്ചത്.
മുഹമ്മദ് ഷാ തങ്ങളുടെ ഖബറിനോടനുബന്ധിച്ചാണ് ഖുബ്ബയോട് കൂടിയ സമചതുരാകൃതിയില്‍ നിര്‍മിച്ചത്. ഈ ഗേഹം തീര്‍ത്തും പേര്‍ഷ്യന്‍ അറേബ്യന്‍ വാസ്തു കലയിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഭാരതീയ ശില്‍പ്പകലയും പേര്‍ഷ്യന്‍ ശില്‍പ്പകലയും സംഗമിച്ച ഇന്‍ഡോ സാരസന്‍ ശൈലിയിലാണ് ഖുബ്ബ നിര്‍മിച്ചതെന്ന് തങ്ങള്‍കുടുംബത്തിലെ കെ.ടി.റഹ്മാന്‍ തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് ഷാ തങ്ങളുടെ ശിഷ്യമാരും നവാബുമാരും രാജകുടുംബങ്ങളും അയച്ചു കൊടുത്ത ശില്‍പ്പികളാണ് മനോഹരമായ ഖുബ്ബ നിര്‍മിച്ചത്.
പൂനെ, മധുര എന്നിവടങ്ങളില്‍ നിന്നാണ് കൂടുതല്‍ ശില്‍പ്പികള്‍ എത്തിയത്. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്ത് കുന്നും മലകളും താണ്ടി വലിയ പാറകഷ്ണങ്ങള്‍ കൊണ്ടുവന്നാണ് ഖുബ്ബ പണിതത്. ഖുബ്ബക്ക് കല്ല് കൊണ്ടു വരാനുള്ള പ്രയാസം ഇല്ലാതാക്കാന്‍ ഖുബ്ബപ്പാട്ട് പാടിയാണ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. ഖുബ്ബപ്പാട്ട് ഇന്നും പ്രസിദ്ധമാണ്. കല്‍ക്കുമ്മായവും ശര്‍ക്കരയും ചേര്‍ത്തും കരിങ്കല്ലു പാളികള്‍ അടുക്കിവച്ചാണ് ഖുബ്ബ നിര്‍മിച്ചത്. കരിങ്കല്ല് പാളികള്‍ മനോഹരമായി ചെത്തി മിനുക്കി ഓരോ ഭാഗവും പണിതിട്ടുണ്ട്. ഏഴു ആര്‍ച്ചുകളോട് കൂടിയ ജാളികളാല്‍ അലങ്കരിച്ചിട്ടുമുണ്ട്.
കൊത്തിയെടുത്ത കല്ലുകള്‍ ഏതു കാലവസ്ഥയിലും പ്രശ്‌നമില്ലാത്ത രീതിയില്‍ നിരനിരയായി വച്ച് തീര്‍ത്തും മനോഹരമായാണ് ഖുബ്ബ പണിതിരിക്കുന്നത്. മൂന്ന് ശിലാപാളികള്‍ ചേര്‍ത്ത് വച്ചുണ്ടാക്കിയ ഖുബ്ബ(മകുടം) ഒറ്റക്കല്ലില്‍ തീര്‍ത്ത രീതിയിലാണ് കാണാനാവുക. ധാരാളം വായു സഞ്ചാരമുള്ള കോറിഡോറുകളും ചിത്രകലാ വൈഭവം കാണിക്കുന്ന മോട്ടിഫുകളും ഖുബ്ബയുടെ പ്രത്യേകതയാണ്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശത്തു നിന്നാണ് മുഹമ്മദ് ഷാ തങ്ങള്‍ കൊണ്ടോട്ടിയിലെത്തുന്നത്. കേരളത്തിലെ ആദ്യ വാസ്തു വിദ്യയില്‍ പണിത മന്ദിരത്തിനു വിളിപ്പാടകലെ നിര്‍മിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകവും ഈ രീതി പിന്തുടര്‍ന്നാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഖുബ്ബയുടെ താഴികക്കുടവും ജാളിവാര്‍പ്പുകളുടെയും മാതൃക വൈദ്യര്‍ സ്മാരകത്തിനും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമിക് വാസ്തു വിദ്യയില്‍ പള്ളികളും വിദ്യാഭ്യാസ സ്ഥാപനവും കേരളത്തില്‍ ഉടനീളം ഉണ്ടങ്കിലും ഇതു വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് റഹ്മാന്‍ തങ്ങള്‍ പറയുന്നു. കൊല്ലത്തുള്ള ടി.കെ.എം.എന്‍ജിനീയറിംഗ് കോളജ്, കുറ്റപ്പുറത്തെ എംഇഎസ് എന്‍ജിനീയറിംഗ് കോളജ് തുടങ്ങിയ ചുരുക്കം സ്ഥാപനങ്ങളുടെ നിര്‍മാണത്തിലാണ് അറേബ്യന്‍ ടച്ച് കാണപ്പെടുന്നത്. നിളാ തീരത്തെ താജ്മഹല്‍ എന്നാണ് കുറ്റിപ്പുറം എംഇഎസ് അറിയപ്പെടുന്നത്. രണ്ട് കോളജുകളുടെയും ഖുബ്ബകളും മറ്റു നിര്‍മിതികളും തീര്‍ത്തും സൗന്ദര്യം പ്രതിഫലിപ്പിക്കുന്നവയാണ്.
മുസ്‌ലിം പള്ളികള്‍ കോണ്‍ക്രീറ്റ് നിര്‍മിതിയിലായതോടെയാണ് മിനാരങ്ങളും ഖുബ്ബകളും കൂടുതല്‍ കണ്ടു തുടങ്ങിയത്. തിരുവനന്തപുരം പാളയം പള്ളി, കോഴിക്കോട് പട്ടാളപ്പള്ളി, തൃശൂരിലെ സലഫി മസ്ജിദ് തുടങ്ങിയവ അറേബ്യന്‍ വാസ്തു വിദ്യയിലെ മകുടോദാഹരണങ്ങളാണ്. ഇതേരീതിയിലാണ് കരിപ്പൂര്‍ ഹജ്ജ്ഹൗസിന്റെ നിര്‍മാണവും നടത്തിയിട്ടുള്ളത്. വിശ്വാസത്തിന്റെ ഇടം അടയാളപ്പെടുത്തുന്ന ഒരു സാസ്കാരിക പൈതൃകമായിട്ടാണ് പള്ളികളുടേതടക്കമുള്ള മിനാരങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. പള്ളികളുടെ വാസ്തു ശില്‍പ്പസൗന്ദര്യം പ്രതിഫലിപ്പിക്കുന്നതില്‍ മിനാരങ്ങളുടെ പങ്കും ചെറുതല്ല.