വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ കമ്യൂണിറ്റി കോളജിന്റെ ശനിദശ നീങ്ങുന്നു. കോളജിന് സ്വന്തമായി സ്ഥലംകണ്ടെത്തി കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണിപ്പോള്‍. ടൗണില്‍നിന്നും രണ്ടു കിലോമീറ്ററോളം മാറി കണക്കന്തുരുത്തി റോഡില്‍ മണ്ണാംപറമ്പിലാണ് കോളജിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ രണ്ടരയേക്കര്‍ സ്ഥലമുണ്ട്. പഞ്ചായത്തിനു കീഴിലാണ് ഇപ്പോള്‍ സ്ഥലം. തേക്കും മറ്റു മരങ്ങളുമായി മിനിവനം പോലെയാണ് ഈ സ്ഥലം.
ഇത് ശരിയാക്കി കമ്യൂണിറ്റി കോളജിനെ ഒരു എന്‍ജിനീയറിംഗ് കോളജിന്റെ നിലയിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി എ.കെ.ബാലനും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നിര്‍ദിഷ്ട സ്ഥലത്ത് വൃക്ഷതൈനട്ട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ വാടക കെട്ടിടത്തിലാണ് നാലുവര്‍ഷമായി കോളജ് പ്രവര്‍ത്തിക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനാനുമതി ഇല്ലാതെ കഴിഞ്ഞവര്‍ഷം കോളജിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരുന്നു. ഈ വര്‍ഷംമുതല്‍ പുതിയ ബാച്ച് ആരംഭിച്ചു.
കോളജിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച ആശയക്കുഴപ്പമാണ് കഴിഞ്ഞവര്‍ഷം കോളജ് പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം.സര്‍്ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് എന്ന രണ്ടുവര്‍ഷത്തെ കോഴ്സാണ് ഇവിടെ നടത്തുന്നത്. വാഹനനിര്‍മാണ കമ്പനികളില്‍ മെഷിനിസ്റ്റ് എന്ന പോസ്റ്റിലാണ് ഇവിടെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നത്.
ഇതിനു ഉയര്‍ന്ന ശമ്പളവുമുണ്ട്.ലെയ്ത്ത്, ഡ്രില്ലിംഗ് തുടങ്ങിയവയാണ് കോഴ്സില്‍ ഉള്‍പ്പെടുന്നത്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത. ഇരുപതു സീറ്റുകളുള്ളതില്‍ 16 സീറ്റ് പട്ടികവര്‍ഗ വിഭാഗത്തിനും രണ്ടു സീറ്റ് പട്ടികജാതി വിഭാഗത്തിനും ശേഷിക്കുന്ന രണ്ടു സീറ്റ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കുമായാണ് സംവരണം ചെയ്തിട്ടുള്ളത്.