ന്യൂജെഴ്സി/മാസച്യുസ്റ്റിസ്: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇക്വഡോര്‍ വന്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വിവാദ ഗോളില്‍ ബ്രസീലിനെ തോല്‍പ്പിച്ചു പെറുവും ക്വാര്‍ട്ടറിലെത്തി. എഴുപത്തിയഞ്ചാം മിനിറ്റില്‍ പെറുവിന്റെ യുവതാരം റൗള്‍ റൂയിഡയസ് ബ്രസീലിന്റെ വലയില്‍ ഗോള്‍ വീഴ്ത്തിയതോടെ എല്ലാംതീര്‍ന്നു. സമനിലനേടിയിരുന്നുവെങ്കില് മികച്ച ഗോള്‍ ശരാശരിയില്‍ ബ്രസീലിനു ക്വാര്‍ട്ടറിലെത്താമായിരുന്നു. ബി ഗ്രൂപ്പില്‍ ക്വാര്‍ട്ടറിലേക്കു കടക്കാന്‍ മൂന്നു ടീമുകള്‍ക്കു തുല്യസാധ്യതയായിരുന്നു. ഇതോടെ ഇക്വഡോറും പെറുവും ജയിച്ചു ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചു. തോല്‍വിയേറ്റ ഹെയ്ത്തിയും ബ്രസീലും പുറത്തായി.
എഴുപത്തിയഞ്ചാം മിനിറ്റില്‍ പെറുവിന്റെ ജോര്‍മന്‍ ആന്ദ്രാദെ ഉയര്‍ത്തി നല്കിയ ക്രോസ് പോസ്റ്റിലേക്കു തിരിച്ചുവിടാനുള്ള റൗള്‍ റൂയിഡയസിന്റെ ശ്രമമാണ് വിവാദമായത്. പന്ത് റൂയിഡയസിന്റെ കൈയില്‍ തട്ടി വലയില്‍ കയറുകയായിരുന്നുവെന്നായിരുന്നു വിവാദം. റൂയിഡയസിന്റെ ഗോള്‍ ആദ്യം റഫറി അനുവദിച്ചില്ല. തുടര്‍ന്നു പെറു താരങ്ങള്‍ പ്രതിഷേധിച്ചു ഗ്രൗണ്ടില്‍ ബഹളം വച്ചു. ഇതോടെ ഏതാനും സമയം കളി തടസപ്പെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ പെറുവിനു അനുകൂലമായി ഗോള്‍ അനുവദിക്കുകയായിരുന്നു.
റൂയി ഡയസ് പന്ത് കൈകൊണ്ടു തട്ടിയിട്ടുവെന്നായിരുന്നു ബ്രസീലിന്റെ പരാതി. റഫറിയോടു ഇതേക്കുറിച്ച് ബ്രസീലിയന്‍ താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. 1985നുശേഷമാണ് പെറു ബ്രസീലിനെതിരേ കോപ്പയില്‍ ജയിക്കുന്നത്. ക്വാര്‍ട്ടറില്‍ പെറു കൊളംബിയയെ നേരിടും. അതേസമയം തോല്‍വിയോടെ കഴിഞ്ഞ ലോകകപ്പിനു പിന്നാലെ പ്രമുഖ ടൂര്‍ണമെന്റില്‍ ബ്രസീല്‍ പിന്നെയും വീണു.
യുവതാരങ്ങളുമായി എത്തി കാര്യമായ പ്രകടനം പോലും പുറത്തെടുക്കാനാകാതെയാണ് ഗ്രൂപ്പ് റൗണ്ടില്‍ ദുംഗയുടെ ടീം വീണത്. മൂന്നു മത്സരങ്ങളില്‍ ഒരു ജയവും സമനിലയും തോല്‍വിയുമായി നാലു പോയിന്റുമായാണ് ബ്രസീല്‍ നിരാശയോടെ മടങ്ങുന്നത്. ആക്രമണ, പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു പെറു-ബ്രസീല്‍ പോരാട്ടം. കളിയുടെ ഏറിയ പങ്കും ബ്രസീല്‍ തന്നെയായിരുന്നു ആക്രമിച്ചു കളിച്ചത്. ഒട്ടേറെ അവസരങ്ങളും അവര്‍ സൃഷ്ടിച്ചെടുത്തു. വില്യന്റെയും ഡാനി ആല്വസിന്റെയുമെല്ലാം ശ്രമങ്ങള്‍ ഗോളിനടുത്തെത്തിയിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തിനു അകലുകയായിരുന്നു. ഗ്രബിയേലിനു പകരക്കാരനായി ഹള്‍ക്കിനെ മുന്‍നിരയില്‍ ഇറക്കിയെങ്കിലും ബ്രസീലിനു സ്കോര്‍ ചെയ്യാനായില്ല. തുടരെ തുടരെ ആക്രമങ്ങള്‍ അഴിച്ചുവിട്ട ബ്രസീലിനെതിരേ പ്രതിരോധം ശക്തമാക്കിയാണ് പെറു കളിച്ചത്. ഒടുവില്‍ വിവാദ ഗോളിലൂടെ ജയവും അവര്‍ക്കൊപ്പമായി.
ഹെയ്തി-പെറു പോരാട്ടം സ്കോര്‍ സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നു. ദുര്‍ബലരായ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളിനു തോല്‍പ്പിച്ചാണ് ഇക്വഡോര്‍ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ യുഎസ്എ ആണ് ഇക്വഡോറിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ബ്രസീലിനോടും രണ്ടാം മത്സരത്തില്‍ പെറുവിനോടും ഇക്വഡോര്‍ സമനില വഴങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ പെറുവിനോട് ഒരു ഗോളിനു തോറ്റ ഹെയ്തി രണ്ടാം മത്സരത്തില്‍ ബ്രസീലിനോട് ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കു തോറ്റാണ് പുറത്തായത്. അതേസമയം നോക്കൗട്ട് റൗണ്ടിലേക്കു കടക്കാന്‍ വിജയം അനിവാര്യമായിരുന്ന ഇക്വഡോര്‍ ഹെയ്തിക്കെതിരേ തുടക്കത്തിലെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പതിനൊന്നാം മിനിറ്റില്‍ എന്നര് വലെന്‍സിയയാണ് ഗോള്‍ വേട്ട തുടങ്ങിയത്. തുടര്‍ന്നു ഇരുപതാം മിനിറ്റില്‍ ജെയ്മി അയോവി രണ്ടാം ഗോള്‍നേടി ആധിപത്യമുറപ്പിച്ചു. അമ്പത്തിയേഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ നൊബോവൊയും എഴുപത്തിയെട്ടാം മിനിറ്റില്‍ അന്റോണിയോ വലെന്‍സിയയും സ്കോര്‍ ചെയ്തു. (4-0). ഇക്വഡോറിനെതിരേ നല്ലൊരു ആക്രമണം പോലും കാഴ്ചവയ്ക്കാന്‍ പോലും ഹെയ്തിക്കായില്ല. മറുവശത്ത് ആകട്ടെ ഇക്വഡോറിന്റെ മുന്‍നിര നിരന്തരം ഹെയ്തി ഗോള്‍മുഖം വിറപ്പിക്കുകയായിരുന്നു. മികച്ച ഒട്ടേറെ അവസരങ്ങള്‍ അവര്‍ക്കു ലക്ഷ്യത്തിലെത്തിക്കാനുമായില്ല. അല്ലെങ്കില്‍ ഇതിലേറെ വലിയ സ്കോറിനു ഇക്വഡോര്‍ ജയിക്കുമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അന്റോണിയ വലെന്‍സിയുടെ വിങ്ങുകളിലൂടെയുള്ള കുതിപ്പാണ് അപകടം വിതച്ചത്. ഹെയ്തി പ്രതിരോധം മറികടന്നാണ് വലെന്‍സിയ മുന്‍നിരയ്ക്ക് പന്തെത്തിച്ചു നല്‍കിയത്.
എന്നാല്‍ മുന്‍നിരയ്ക്ക് അല്പം സൂക്ഷ്മത കുറവു നേരിട്ടു. മുന്‍നിരയിലെ വെസ്റ്റ്ഹാം താരം എന്നര് വലെന്‍സിയ ഒന്നിലേറെ അവസരങ്ങള്‍ പാഴാക്കി. ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് ഹെയ്ത്തിയില്‍ നിന്നു കണ്ടത്. ഇതാകട്ടെ ഇക്വഡോര്‍ പ്രതിരോധം തുടക്കത്തിലെ തടസപ്പെടുത്തി. ഇന്ത്യന്‍സമയം ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു ഇക്വഡോര്‍-ഹെയ്തി പോരാട്ടം. രാവിലെ ആറിനു ബ്രസീല്‍-പെറു മത്സരവും. നാളെ പുലര്‍ച്ചെ അഞ്ചരക്കു മെക്സിക്കോ-വെനസ്വേലയും ഏഴരക്കു ഉറുഗ്വെ-ജമൈക്കയും നേരിടും.