കോട്ടയം ജില്ലയിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മിക്കതും നിലച്ചു; ദിവസം എട്ടുലക്ഷംരൂപ നഷ്ടം

ktm-ksrtcകോട്ടയം: ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മിക്കവയും നിലയ്ക്കുന്നു. നിലവിലുള്ള 80 സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ വരുമാനത്തില്‍ ദിവസം എട്ടു ലക്ഷം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ബസുകള്‍, ജീവനക്കാരുടെ കുറവ്, നടത്തിപ്പിലെ വീഴ്ച എന്നിവയൊക്കയാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലയ്ക്കാനുള്ള പ്രധാനകാരണം. നിലവില്‍ 90 ഡ്രൈവര്‍മാരുടെയും 120 കണ്ടക്ടര്‍മാരുടെയും കുറവാണ് ഉള്ളത്. അടുത്തയിടെ എത്തിയ ലോ ഫ്‌ളോര്‍ ബസുകളില്‍ 15 ബസുകള്‍ അറ്റകുറ്റപ്പണിയും സ്‌പെയര്‍പാര്‍ട്‌സുമില്ലാതെ ഓട്ടം നിലച്ചിരുന്നു.

മഴക്കാലം തുടങ്ങിയതിനാല്‍ കാലപ്പഴക്കം ചെന്ന ബസുകള്‍ ചോര്‍ന്നൊലിക്കുകയാണ്. ഇത്തരം ബസുകള്‍ ഓടാന്‍ പറ്റാതെ ഷെഡുകളില്‍ കിടക്കുകയാണ്. കോട്ടയം ഡിപ്പോ പൊളിച്ചുപണിയുന്ന സാഹചര്യത്തില്‍ കോടിമതയിലെ താല്കാലിക ഡിപ്പോയില്‍ അടിസ്ഥാന സൗകര്യളൊന്നുമില്ല. താല്കാലിക ഡിപ്പോ വെള്ളക്കെട്ടിലായതോടെ വെല്‍ഡിംഗ് ഉള്‍പ്പെടെ ജോലികളൊന്നും നടത്താനാകുന്നില്ല.

കോട്ടയത്തുനിന്നു കുമളിയിലേക്കുള്ള ആറു ബസുകളാണു പതിവായി മുടങ്ങുന്നത്. വൈകുന്നേരം ആറിനുശേഷം ഒന്നും ഒന്നരയും മണിക്കൂര്‍ ഇടിവിട്ടാണ് ഇവിടെനിന്നു കുമളിക്ക് സര്‍വീസുള്ളത്. കുമളിയില്‍നിന്നു കോട്ടയത്തേക്കു നാലു സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. കോട്ടയത്തു നിന്നുള്ള എറണാകുളം സര്‍വീസുകളും മുടക്കം പതിവാണ്.

ജില്ലയിലെ പ്രധാന ഡിപ്പോകളില്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസുകള്‍ പലതും നിലച്ചിരിക്കുകയാണ്. പാലാ ഡിപ്പോയില്‍ ആറു പുതിയ ദീര്‍ഘദൂര സര്‍വീസ് തുടങ്ങിയെങ്കിലും എട്ടു ഷട്ടില്‍സര്‍വീസുകള്‍ മുടങ്ങുന്നു. ചങ്ങനാശേരിയില്‍ പത്തും പൊന്‍കുന്നത് ആറും സര്‍വീസുകള്‍ക്ക് മുടക്കം വരുന്നു. ഇവിടെ പകുതിയിലേറെ ബസുകളും 12 വര്‍ഷത്തിലേറെ പഴക്കം ചെന്നവയാണ്. വൈക്കം ഡിപ്പോയിലും സര്‍വീസ് മുടക്കം പതിവാണ്.

Related posts