കോടാലി: മലയോരത്തെ ആയിരങ്ങളുടെ ആശ്രയമായ മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഇല്ലായ്മകളുടേയും അസൗകര്യങ്ങളുടേയും നടുവില്‍. ഒരു കാലത്ത് രാപകല്‍ ഭേദമില്ലാതെ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കിയിരുന്ന ഈ ആതുരശാലക്ക് ഇല്ലായ്മകളുടെ കഥയാണ് പറയാനുള്ളത്. ജനസംഖ്യയിലും വിസ്തൃതിയിലും ജില്ലയില്‍ ഒന്നാം സ്ഥനത്തുള്ള മറ്റത്തൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കു പുറമെ വരന്തരപ്പിള്ളി, കോടശേരി പഞ്ചായത്തുകളിലേയും സാധാരണക്കാരായ രോഗികള്‍ ചികിത്സതേടിയെത്തുന്നത് കോടാലിയിലുള്ള മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലേക്കാണ്.
നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഈ സ്ഥാപനത്തെ ഏഴുവര്‍ഷം മുമ്പ് കമ്യൂണിറ്റി ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. തുടക്കത്തില്‍ ഏഴുഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് പിന്നീട് മൂന്നായി. ഇപ്പോള്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാരും രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരുമാണുള്ളത്. രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികളെ ദൂരദിക്കുകളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ഗതികേടാണുള്ളത്.
ശരാശരി അഞ്ഞൂറോളം രോഗികള്‍ ദിനംപ്രതി ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ആറുമാസത്തോളമായി സൂപ്രണ്ടിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലുള്ള മൂന്നു സ്ഥിരം ഡോക്ടര്‍മാരില്‍ ഒരാളാണ് താല്‍ക്കാലികമായി ഈ ചുമതല വഹിക്കുന്നത്. ഫാര്‍മസിസ്റ്റിന്റെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. താല്‍ക്കാലികമായി നിയമിച്ചിട്ടുള്ള ഫാര്‍മസിസ്റ്റിന്റെ സേവനം ഇവിടെ ലഭിക്കുന്നത് ആഴ്ചയില്‍ മൂന്നുദിവസങ്ങളില്‍ മാത്രമാണ്. അല്ലാത്ത ദിവസങ്ങളില്‍ ഡ്യൂട്ടി നഴ്‌സുമാരാണ് ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്നുനല്‍കുന്നത്.
മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി ഈയിടെ നിര്‍മിച്ച ഫാര്‍മസി കെട്ടിടത്തില്‍ ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. മുഴുവന്‍ സമയവും ശീതികരിച്ച മുറിയില്‍ മാത്രം സൂക്ഷിക്കേണ്ട മരുന്നുകളും വൈദ്യുതില്ലാത്ത ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചുപോരുന്നത്. പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്കും മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കുമുള്ള മരുന്നുകളും ഇവിടെ സൂക്ഷിക്കുന്നുണ്ട്. നേരത്തെ 40 കിടക്കകളുണ്ടായിരുന്ന ഈ ആരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സ ലഭ്യമായിരുന്നു. പുരുഷന്മാരുടെ കിടത്തിചികിത്സക്കായി നിര്‍മിച്ച പഴയ ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മിച്ചത്. ഇതോടെ കിടത്തി ചികിത്സ സൗകര്യം 20 കിടക്കകള്‍ മാത്രമായി.
രാത്രി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരില്ലാതായതോടെ കഴിഞ്ഞ നാലുവര്‍ഷത്തോളമായി കിടത്തി ചികിത്സ ഇവിടെ ലഭ്യമല്ല. നേരത്തെ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. ജീവിത ശൈലി രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള പരിശോധനയും മരുന്നും നേരത്തെ എല്ലാ ദിവസങ്ങളിലും ആരോഗ്യകേന്ദ്രത്തില്‍ ലഭിച്ചിരുന്നു. ഇതിനായി തുറന്നിരുന്ന എന്‍സിഡി ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമാക്കി ചുരുക്കി. ഷുഗര്‍, പ്രഷര്‍ തുടങ്ങിയ രോഗങ്ങളാല്‍ വലയുന്ന പ്രായം ചെന്നവരെ ദുരിതത്തിലാക്കിയിട്ടുണ്ട്. മറ്റു ദിവസങ്ങളില്‍ ഈ എന്‍സിഡി ക്ലിനിക്കിന്റ സേവനം ലഭിക്കണമെങ്കില്‍ താലൂക്ക് ആശുപത്രിയിലെത്തണം. ആരോഗ്യകേന്ദ്രം കോമ്പൗണ്ടില്‍ ജീര്‍ണ്ണിച്ചുനില്‍ക്കുന്ന ക്വാര്‍ട്ടേഴ്്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനോ പുതുക്കി നിര്‍രിക്കുന്നതിനോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.