വനിതാ ജയിലില്‍ഒന്നരവയസുള്ള കുട്ടിയും! ദളിത് യുവതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവം: പട്ടികജാതി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

attacതലശേരി: കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി -പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടുത്ത ദിവസം തന്നെ കമീഷന്‍ തലശേരിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും.  ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്‍െറ മക്കളായ അഖില(30), അഞ്ജു (25) എന്നിവരെയാണ് ഇന്നലെ തലശേരി പോലീസ് അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്.

അഖില കൈക്കുഞ്ഞുമായാണ് ജയിലിലേക്കു പോയിട്ടുള്ളത്.  സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായിരുന്നു ഇവര്‍. ഇവരുടെ ജാമ്യഹര്‍ജി തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നു രാവിലെ പരിഗണിച്ചു വരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ തലശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ സംഭവത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് വി.എം. സുധീരന്‍, സതീശന്‍ പാച്ചേനി, കെ.സി. കടമ്പൂരാന്‍ തുടങ്ങി 70 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഇതിനിടയില്‍ സംഭവത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍, കെ.സി. ജോസഫ് എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും.

മൊഴിയെടുക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ദളിത് യുവതികളെ കൈക്കുഞ്ഞിനോടൊപ്പം ജയിലിടക്കുകയാണ് പോലീസ് ചെയ്തതെന്നും സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി വി.എ നാരായണന്‍, ഡിസിസി അംഗം കെ.ശിവദാസന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ കയറി ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്ത് ദളിത് പീഡനമായി ചിത്രീകരിച്ച് കോണ്‍ഗ്രസും വി.എം. സുധീരനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നടമ്മല്‍ രാജനും കുടുംബവും സിപിഎം പ്രവര്‍ത്തകരെ നിരന്തരമായി അസഭ്യം പറയുക പതിവാണ്. ഇക്കാരണം കൊണ്ട് രാജന്റെ ബന്ധുക്കള്‍ പോലും ആ കുടുംബവുമായി അകന്നു നില്‍ക്കുകയാണ്. ഈ കുടുംബത്തിന്റെ ശല്യം കാരണം പരിസരവാസികള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രചരണ ബോര്‍ഡുകള്‍ ഇവര്‍ നിരന്തരം നശിപ്പിക്കുകയും ചെയ്യാറുണ്ട്. പാര്‍ട്ടി ഓഫീസില്‍ കയറി അക്രമം നടത്തുകയാണ് പ്രതികള്‍ചെയ്തത്. ഇവര്‍ക്കെതിരെ മറ്റ് തരത്തിലുള്ള പീഡനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും എം.സി. പവിത്രന്‍ പറഞ്ഞു.

എന്നാല്‍ രാജനേയും കുടുംബത്തേയും ഇന്നലെ രാവിലെ തന്നെ മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനിലേക്ക്  വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ഡിസിസി അംഗം കെ.ശിവദാസന്‍ പറഞ്ഞു. രാജനും മക്കളായ അഖിലയും അഞ്ജുവും അഖിലയുടെ ഭര്‍ത്താവുമാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. മൊഴിയെടുക്കാനാണെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്.

എന്നാല്‍ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇങ്ങോട്ട് വിളിപ്പിച്ചതെന്നായി പോലീസ്. നാലുപേരും പ്രതികളാണെന്നും നാല് പേരേയും അറസ്റ്റ് ചെയ്യുമെന്നും എസ്‌ഐ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍  അഖിലയേയും അഞ്ജുവിനേയും മാത്രം അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കില്ലെന്ന് അപ്പോഴാണ് മനസിലാകുന്നത്. ഉടന്‍ അഭിഭാഷകനുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയെങ്കിലും ജാമ്യം ലഭിച്ചില്ലെന്ന് ശിവദാസന്‍ പറയുന്നു.എന്നാല്‍ ജാമ്യം ലഭിക്കാത്ത സാഹചര്യം പ്രതികളുമായി ബന്ധപ്പെട്ടവര്‍ തന്നെ സൃഷ്ടിച്ചതാണെന്ന് എസ്‌ഐ യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ 11ന് വൈകുന്നേരം അഞ്ചിന് കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനത്തെിയ അഖിലയേയും അഞ്ജുവിനേയും ഡിവൈഎഫ്‌ഐ തിരുവങ്ങാട് ഈസ്റ്റ്  വില്ലേജ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി ഷിജിലിന്‍െറ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവത്രെ. ഇതേത്തുടര്‍ന്ന് ഇരുവരും  സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ രണ്ടാമത്തെ നിലയില്‍ കയറി ഷിജിലി (27)നെ അടിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. യുവതികളെ ആക്രമിച്ച കേസില്‍ നേരത്തെ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണുള്ളത്.

കാട്ടുനീതി: വി.എം സുധീരന്‍

തിരുവനന്തപുരം: കണ്ണൂരില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടുനീതിയെന്ന് കെപിസിസി. പ്രസിഡന്റ് വി.എം.സുധീരന്‍. ദളിത് പെണ്‍കുട്ടികള്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന വാര്‍ത്ത വിശ്വസനീയമല്ലെന്നും സുധീരന്‍ ആരോപിച്ചു. ഒന്നരവയസുള്ള കുട്ടിയും വനിതാ ജയിലില്‍ കഴിയുകയാണ്. അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ് ഈ പ്രവര്‍ത്തിയെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും സുധീരന്‍ വ്യക്തമാക്കി.

നടപടി വേണം: കെ.സുധാകരന്‍

കണ്ണൂര്‍: ദളിത് യുവതികളെ ജയിലിലടച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് കെ.സുധാകരന്‍.
കടുത്ത മനുഷ്യാവകാശലംഘനമാണ് നടന്നതെന്നും സുധാകരന്‍ പറഞ്ഞു.

Related posts