പാറശാല : പാറശാല ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരം അനധികൃതമായി മുറിച്ചു മാറ്റിയ സംഭവത്തില്‍ ഹെഡ്മിസ്ട്രസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം 1.30നായിരുന്നു ഉപരോധം നടത്തിയത്. വ്യാഴാഴ്ചയാണ് സ്കൂള്‍ വളപ്പിലെ മരം മുറിച്ചു കടത്താന്‍ ശ്രമം നടന്നത്.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ അനുവാദത്തോടെ പിടിഎ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഹോട്ടലിലേക്ക് വിറകിനായി മരം മുറിച്ചു കടത്തിയെന്നും അതിനു ഹെഡ്മിസ്ട്രസ് ഒത്താശ ചെയ്തുവെന്നുമാരോപിച്ചാണ് ഉപരോധിച്ചത്. എന്നാല്‍ സ്കൂളിനു ഭീഷണിയായി നിന്ന മരമാണ് മുറിച്ചു മാറ്റിയതെന്ന് പിടിഎ പറയുന്നു. മരം മുറിക്കാന്‍ മാത്രമേ അനുമദി നല്‍കിയിട്ടുള്ളൂ. അവിടെനിന്നും മാറ്റുവാനുള്ള അനുവാദം നല്‍കയിട്ടില്ലെന്നാണ് ഹെഡ്മിസ്ട്രസ് പറയുന്നത്.
എന്നാല്‍ മരം മുറിച്ചു മാറ്റുവാനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെ കടത്തുവാന്‍ വേണ്ടി വാഹനത്തില്‍ കയറ്റിയത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. തങ്ങള്‍ക്കൊന്നും അറിയില്ലെന്നും പിടിഎ പ്രസിഡന്റ് അറിയിച്ചതനുസരിച്ച് ജോലിക്കാണ് വന്നതെന്നും മറ്റൊന്നും തങ്ങള്‍ക്കറിയില്ലെന്നും മരം മുറിച്ച പണിക്കാര് പറഞ്ഞിരുന്നു. സ്കൂളില്‍ ആഴ്ചതോറും ഏഴായിരത്തിലധികം രൂപയുടെ വിറക് വാങ്ങവെയാണ് ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുളിമരം വെറും 3500 രൂപയ്ക്കു മുറിച്ചു കടത്താന്‍ ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹെഡ്മിസ്ട്രസിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്ത ഉപരോധത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്അഡ്വ. ജോണ്‍, തെറ്റിയോട് വിശ്വംഭരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുമായി നടത്തിയ ചര്‍ച്ചയില്‍, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഹെഡ്മിസ്ട്രസിന്റെ ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.