വടകര : നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്ന് ബാറ്ററി അഴിച്ചുമാറ്റുന്ന സംഘം വടകര മേഖലയില്‍ വിലസുന്നു. പുതിയ സ്റ്റാന്റ് പരിസരം, കൈനാട്ടി, ജനത സ്റ്റോപ്പ്, പുഞ്ചിരിമില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്നാണ് ബാറ്ററി വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്. ഈ സംഘം മൂന്ന് മാസത്തിലേറെയായി സജീവമാണെന്നു പറയുന്നു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മുമ്പ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ മാസങ്ങളിലാണ് ബാറ്ററി മോഷണം വ്യാപകമായിരിക്കുന്നത്. പുലര്‍ച്ച സമയങ്ങളിലാണ് മോഷ്ടാക്കള്‍ ബസുകളില്‍ നിന്ന് ബാറ്ററി അഴിച്ചു മാറ്റുന്നത്.
ദേശീയ പാതയില്‍ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ പത്തോളം ബസുകളില്‍ നിന്ന് ബാറ്ററി അഴിച്ചു മാറ്റിയിട്ടുണ്ട്. ബസുടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നതിന് പുറമെ മോഷ്ടാക്കളെ പേടിച്ചിട്ട് ബസ് നിര്‍ത്തിയിടാനാവാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. ബാറ്ററി മോഷണം ബസുടമകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മോഷ്ടാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.