വടക്കഞ്ചേരി: കാലിയായ ഖജനാവില്‍ നിന്നും കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യംവെച്ചുള്ള മായാജാല ബജറ്റാകും ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് എട്ടിന് നിയമസഭയില്‍ അവതരിപ്പിക്കുകയെന്ന് നിയമ-സാംസ്കാരിക പട്ടികജാതി പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. വടക്കഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നല്കിയ പൗരസ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വലിയ പ്രതീക്ഷയാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ളത്. ഈ പ്രതീക്ഷയ്ക്കുതകുന്നതാകും വികസനപദ്ധതികള്‍.
ഇടതുമുന്നണി സര്‍ക്കാരിന് മാത്രമെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളത്തെ ഉയര്‍ത്താനാകൂ. ഖജനാവ് കാലിയാണെങ്കിലും വികസനം സാക്ഷാത്കരിക്കും. ക്ഷേമപെന്ഷനുകളൊന്നും മുടങ്ങില്ല. വടക്കഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രം പോലെയുള്ള ചികിത്സാകേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രി പദവിയിലേക്കുയര്‍ത്തി ചികിത്സാസൗകര്യം വര്‍ധിപ്പിക്കും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നില മെച്ചപ്പെടുത്തും. മുക്കിലും മൂലയിലും മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡുവെച്ച് പിഎച്ച് സിയില്‍ ലഭിക്കുന്ന സേവനം പോലും കിട്ടാത്തസ്ഥിതി ഉണ്ടാക്കില്ല. ഇടുക്കി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടണമെന്ന സൂചന നല്‍കിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മെഡിക്കല്‍ കൗണ്‍സില്‍ ബോര്‍ഡ് അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഡോക്ടര്‍മാരേയും മറ്റും ബസിലും ആംബുലന്‍സിലും കൊണ്ട് വന്നിറക്കി ഡോക്ടര്‍മാരെ തികയ്ക്കുന്ന തരത്തിലുള്ള ചികിത്സാസൗകര്യം നന്നല്ല. ഇതിന്മേല് ഉണ്ടായേക്കാവുന്ന വിവാദങ്ങള്‍ അഡ്വാന്‍സായി പറഞ്ഞുവെച്ചു എന്നുമാത്രമേയുള്ളുവെന്നും എ.കെ.ബാലന് പറഞ്ഞു.
പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അനിതപോള്സണ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കുമാരന് മന്ത്രിയെ പൊന്നാട അണിയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ഗംഗാധരന്, സരോജിനി രാമകൃഷ്ണന്,റോട്ടറി ക്ലബിനുവേണ്ടി കെ.ഉണ്ണികൃഷ്ണന്, സംസ്കാര ക്ലബ്ബിനായി ജോതികുമാര്‍, മലബാര്‍ ക്ലബ്ബിനുവേണ്ടി ബോബന് ജോര്‍ജ്, ജൈവപാടശേഖരത്തിനായി പടിഞ്ഞാറെകളം ശങ്കരന്, ആയുര്‍വേദ ആശുപത്രി സൂപ്രണ്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിമല്‍ഘോഷ്, കൃഷി ഓഫീസര്‍ എം.വി.രശ്മി, പാളയം പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ടി.കണ്ണന്, സി. തമ്പു തുടങ്ങിയവര്‍ മന്ത്രിയെ അനുമോദിച്ചു.