ലണ്ടന്‍:എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന സ്വിസ് താരം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററിന്റെ വിജയം സ്‌കോര്‍ 6-2,6-3,7-5. ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കാണ് ഫെഡററിന്റെ ക്വാര്‍ട്ടറിലെ എതിരാളി. മത്സരത്തിനിടെ എതിരാളി കെയ് നിഷികോറി പിന്മാറിയതിനേത്തുടര്‍ന്നായിരുന്നു സിലിക്കിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പറുമായ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചെത്തിയ സാം ക്വെറിയും അവസാന എട്ടില്‍ സ്ഥാനം പിടിച്ചു. ഫ്രഞ്ച് താരം നിക്കോളാസ് മഹൂതിനെ 6-4, 7-6,6-4 എന്ന സ്‌കോറിനാണ് അമേരിക്കന്‍ താരം തകര്‍ത്തു വിട്ടത്.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ്, സിമോണ ഹാലെപ്, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ആഞ്ചലിക്ക് കെര്‍ബര്‍ എന്നിവരും അവസാന എട്ടിലെത്തിയിട്ടുണ്ട്. ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ സ്റ്റെഫി ഗ്രാഫിനൊപ്പമെത്താന്‍ ശ്രമിക്കുന്ന സെറീന റഷ്യയുടെ വെറ്ററന്‍ താരം സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ 7-5,6-0 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.
വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യവും അവസാന എട്ടില്‍ സ്ഥാനം പിടിച്ചു. ക്രിസ്റ്റീന മക്ഹാലെ-യെലേന ഓസ്റ്റപെങ്കോ സഖ്യത്തിനെതിരേ 6-1,6-0 എന്ന സ്‌കോറിനായിരുന്നു ഇവരുടെ ജയം. എന്നാല്‍ പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-ഫ്‌ളോറിന്‍ മെര്‍ഗ സഖ്യം കടുത്ത പോരാട്ടത്തില്‍ ഹെന്‍റി കോന്റിനെന്‍-ജോണ്‍ പിയേഴ്‌സ് സഖ്യത്തോട് അടിയറവു പറഞ്ഞു.