ചാവക്കാട്: നഗരത്തിലെ തുണിക്കടകളില്‍ വസ്ത്രം വാങ്ങാനെന്ന വ്യാജേന മോഷണം നടത്തിയ രണ്ടു സ്ത്രീകള്‍ പിടിയിലായി. തിരുവത്ര ചെങ്കോട്ട തൊണ്ടമ്പിരി ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചാവക്കാട് ഏനാമാവ് റോഡിലെ തുണിക്കടയില്‍ തുണികള്‍ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കടകളിലെ തിരക്കിന്റെ മറവിലാണ് ഇവര്‍ മോഷണം നടത്തിവരുന്നത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ വസ്ത്രങ്ങളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ഏതാനും ദിവസങ്ങളായി ഇവര്‍ ചാവക്കാട് നഗരത്തിലെ വസ്ത്ര സ്ഥാപനങ്ങളില്‍ മോഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. ചാവക്കാട് എസ്ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.