മദ്യലഹരിയില്‍ യുവാവ് പോലീസുകാരെ ആക്രമിച്ചു; ഒരാളുടെ കൈയൊടിച്ചു

TCR-ARRESTതൃശൂര്‍: മദ്യലഹരിയില്‍ റോഡില്‍ നിന്ന് കാറുകള്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ ചെന്ന ട്രാഫിക് പോലീസുകാരന്റെ കൈ തിരിച്ചൊടിച്ചു. കൂടെയുണ്ടായിരുന്ന പോലീസുകാരനെയും യുവാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കൈയൊടിഞ്ഞ പോലീസുകാരന്‍ ഷൈജുവിനെ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷനു വിധേയനാക്കി. പരിക്കേറ്റ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ അരവിന്ദാക്ഷനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുകാരെ ആക്രമിച്ച മലപ്പുറം സ്വദേശി മുണ്ടുപറമ്പ് പള്ളിയാളിപീടികയില്‍ വിനു പി.ജോയി(33) ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി പത്തിനാണ് സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള റോഡില്‍ നിന്ന് അതുവഴി വന്ന കാറുകള്‍ തടഞ്ഞു നിര്‍ത്തി ആളുകളെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു കണ്ടു നിന്ന ചിലര്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പോലീസുകാര്‍ സ്ഥലത്തെത്തിയത്. പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് പോലീസുകാര്‍ക്കു നേരെ തിരിഞ്ഞു. പോലീസുകാരന്റെ കൈ പിടിച്ചൊടിക്കുകയും കൂടെയുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഈസ്റ്റ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസെത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്.

Related posts