ഇരിങ്ങാലക്കുട: വര്‍ക്ക്ഷോപ്പിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. സിനിമ-സീരിയല്‍ നടന്മാരടക്കം ആറുപേര്‍ അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ വെളയനാടാണ് വര്‍ക്ക്ഷോപ്പ് നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍നിന്നുമാണ് അനധികൃതമായി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും, മൂവായിരത്തോളം ലിറ്റര്‍ സ്പിരിറ്റും, ആയിരത്തോളം ബോട്ടില്‍ അനധികൃതമായി നിര്‍മിച്ച മദ്യവും പോലീസ് പിടിച്ചെടുത്തത്.
സ്പിരിറ്റ് രാജാവെന്നറിയപ്പെടുന്ന ഡഫേദാര്‍ അനില്‍ എന്ന കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍(39), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ്(37), തിരുവഞ്ചിക്കുളം കപ്പിത്താന്‍പറമ്പില്‍ രാജേഷ്(38), അമ്പലപ്പുഴ സൗമ്യഭവനത്തില്‍ തോമസുകുട്ടി(26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍(23), ചാലക്കുടി എലിഞ്ഞപ്ര വെട്ടിയാടന്‍ തോമസ്(56) എന്നിവരാണ് അറസ്റ്റിലായവര്‍.
തൃശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ആര്. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍മാരായ എം.പി മുഹമ്മദ് റാഫി, എം.ജെ ജീജോ, മാധവന് കുട്ടി, പത്മരാജന്, എഎസ്ഐമാരായ പി.സി. സുനില്‍, ടി.ഡി.അനില്‍, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ വി.ജി. സ്റ്റീഫന്‍, സി.ആര്. പ്രദീപ്, പി.ജയകൃഷ്ണന്, ജോബ് ചക്കാലക്കല്‍, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, ഹബീബ്, രാഗേഷ്, സുദേവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികളില്‍നിന്നും അറുപതിനായിരം രൂപയും മുപ്പതോളം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി അനില്‍ “ഡഫേദാര്‍’ എന്ന സിനിമയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷം അഭിനയിച്ചുവരുന്നയാളാണ്. രാജേഷ് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. പ്രതികള്‍ ചിലര്‍ മുമ്പ് സ്പിരിറ്റ് കേസുകളില്‍ ഉള്പ്പെട്ടിട്ടുള്ളവരാണന്നു പോലീസ് പറഞ്ഞു. ബാറുകള്‍ നിരോധിച്ചിട്ടും ജില്ലയില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി വിലയിരുത്തിയതിനെതുടര്ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ദിവസങ്ങളോളം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് സഹിതം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.
വെളയനാട് പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ കേന്ദ്രത്തില്‍ മദ്യനിര്‍മാണത്തിനു വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മക്ഡവല്‍സ്, ഇംപീരിയല്‍ ബ്ലൂ, ഹണി ബീ, മാന്ഷന് ഹൗസ് എന്നീ പേരുകളിലായിരുന്നു വ്യാജമദ്യനിര്‍മാണം. ഇതിനായി ഒറിജിനലിനെ വെല്ലുന്ന സ്റ്റിക്കറുകള്‍ പ്രതികള്‍ തയാറാക്കിയിരുന്നു. അഞ്ഞൂറു ലിറ്ററിന്റെ നാലു ബാരലുകള്‍ പരസ്പരം പൈപ്പു മുഖേന ബന്ധിപ്പിച്ച് മോട്ടോറിന്റെ സഹായത്തോടെയാണ് സ്പിരിറ്റും വെള്ളവും കൂട്ടിച്ചേര്‍ത്തിരുന്നത്.
മിക്സിംഗിനുശേഷം മറ്റൊരു ബാരലിലേക്കെത്തുന്ന മദ്യം ബോട്ടിലിലേക്കു പകര്‍ന്ന് സീല്‍ ചെയ്യുന്നതിനുള്ള ഉപകരണവും സജ്ജമാക്കിയിരുന്നു. 500, 750 മില്ലിലിറ്റര്‍ അളവുകളില്‍ വിതരണം ചെയ്തിരുന്ന മദ്യത്തിന്റെ സ്റ്റിക്കറില്‍ ഡിഫന്‍സ് ഓണ്‍ലി എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്.
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രതികള്‍ മദ്യവില്പന നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. ഇതിനായി നിരവധി ആഡംബര കാറുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്. പത്തോളം ആഡംബര കാറുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നുമാസത്തോളമായി വെളയനാട് പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ കേന്ദ്രത്തെക്കുറിച്ച് യാതൊരു സംശയവും നാട്ടുകാര്‍ക്കുണ്ടായിരുന്നില്ല. വര്‍ക്ക്ഷോപ്പിനായി വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു സംഘം വ്യാജമദ്യ നിര്‍മാണകേന്ദ്രം പ്രവര്‍ത്തിപ്പിച്ചത്. വീടിന്റെ മുന്‍വശത്ത് വര്‍ക്ക്ഷോപ്പ് സ്ഥിരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റു സംശയങ്ങള്‍ക്കൊന്നും ഇട നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസ് റെയ്ഡ് ആരംഭിച്ചപ്പോള്‍ വീടിനു മുന്‍വശത്തു നിരവധി പേരാണ് ആകാംക്ഷയോടെ എത്തിയത്.