നഗരം ഗതാഗതകുരുക്കില്‍ നട്ടംതിരിയുമ്പോഴും ഹെല്‍മറ്റ് വേട്ട ഒഴിവാക്കാതെ പോലീസ്

KTM-PARISHODANAആലപ്പുഴ: നഗരത്തില്‍ ഗതാഗതക്കുരുക്ക് നിര്‍ബാധം തുടരുമ്പോഴും അത് നിയന്ത്രിക്കാതെ പോലീസിന്റെ ഹെല്‍മറ്റ് വേട്ട തിരക്കേറിയ സ്ഥലങ്ങളില്‍ തുടരുന്നത് കുരുക്ക് രൂക്ഷമാക്കുന്നതായി ആക്ഷേപം. കഴിഞ്ഞദിവസം വഴിച്ചേരി ഭാഗത്തു മണിക്കൂറുകളോളം വാഹനങ്ങളും മറ്റും ഗതാകുരുക്കില്‍പ്പെട്ട് നട്ടം തിരിയുമ്പോഴും അത് നിയന്ത്രിക്കാതെ അതിന്റെ സമീപത്തു ഹെല്‍മറ്റ് പരിശോധന നടത്തുകയായിരുന്നെന്നാണ് ആക്ഷേപം.

പല ജംഗ്ഷനുകളിലും ചിലസമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇരുചക്രവാഹനക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഹെല്‍മറ്റ് പരിശോധന എന്നു പറയുമ്പോഴും റോഡില്‍ അപകടമുണ്ടാകാതിരിക്കാനുള്ള യാതൊരു സംവിധാനവും ഒരുക്കാതെയാണ് ഇത്തരത്തില്‍ പരിശോധന നടത്തുന്നത്. പലപ്പോഴും തിരക്കേറിയ ഇടങ്ങളിലെ പരിശോധന അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. പോലീസിനെ കണ്ടു പലപ്പോഴും ഹെല്‍മറ്റ് ധരിക്കാത്തവര്‍ അതിവേഗത്തില്‍ വാഹനം മറ്റുവഴികളിലേക്കു കൊണ്ടുപോകുന്നത് ഏറെ അപകടം ഉണ്ടാക്കാന്‍ കാരണമാകും. കാമറ ഉള്‍പ്പടെയുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി ഏറെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നായി ആക്ഷേപം ശക്തമാണെങ്കിലും ഇപ്പോഴും ഇത്തരത്തിലുള്ള പരിശോധനയാണ് പലയിടങ്ങളിലും നടക്കുന്നത്.

ദേശീയപാതയിലെ മരണക്കുഴികള്‍ക്കു പരിഹാരം ഉണ്ടാക്കാതെ ഇരുചക്രവാഹനയാത്രികരാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന ധ്വനി ഉയര്‍ത്തി ഏകപക്ഷീയമായി പിഴശിക്ഷ ഈടാക്കുന്നതിനു പിന്നില്‍ പണപ്പിരിവാണ് ലക്ഷ്യമെന്ന് ഇരുചക്രവാഹനയാത്രികര്‍ പറയുന്നു. പലപ്പോഴും മൂന്നുപേര്‍വരെ ഇരുന്ന് യാത്രചെയ്യുന്ന അതിവേഗത്തില്‍പായുന്ന ന്യൂജെന്‍ ബൈക്കുകളെ പരിശോധിക്കാതെ മര്യാദയ്ക്കു വാഹനം ഓടിച്ചുപോകുന്നവരെയാണ് പോലീസ് പലപ്പോഴും കൈകാട്ടി നിര്‍ത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പരിക്കോ മരണമോ തടയാന്‍ ഉതകുകയില്ലെന്നു മുന്നറിയിപ്പു നല്കിയിട്ടുള്ള ഹെല്‍മറ്റ് ഇരുചക്രവാഹനക്കാരെ നിര്‍ബന്ധപൂര്‍വം ധരിപ്പിക്കാന്‍ ശ്രമിക്കുകയും ധരിക്കാത്തവരെ വഴിയില്‍ തടഞ്ഞു ശിക്ഷ വിധിച്ചു പിഴയീടാക്കുന്ന പോലീസ്, മോട്ടോര്‍ വാഹനവകുപ്പു നടപടി അപലപനീയവും മനുഷ്യാവകാശലംഘനവുമാണെന്നാണ് സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം പറയുന്നത്. റോഡില്‍ നിയമം പാലിച്ചു പോകുന്ന സാധാരണക്കാരെ മാത്രം ഭീക്ഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പണം പിരിക്കാന്‍ പോലീസ് മുഷ്ടിബലം ഉപയോഗിക്കുകയാണെന്ന് ഫോറം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭിപ്രായപ്പെടുന്നു. എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാനുള്ള പശ്ചാത്തല സംവിധാനങ്ങളാണ് ജനാധിപത്യ സര്‍ക്കാര്‍ എത്രയുംവേഗം ഏര്‍പ്പാടാക്കേണ്ടതെന്നും ഇവര്‍ പറയുന്നു.

Related posts