ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. രമേശ് ചെന്നിത്തല അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ച് കുപ്രസിദ്ധരായ കച്ചവടക്കാര്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടന്നതെന്നും സുധാകരന്‍ ആരോപിച്ചു.
സിപിഎം നേതൃത്വത്തില്‍ ഓണക്കാലത്ത് നടപ്പാക്കുന്ന വിഷരഹിത ഓണക്കാല ജൈവപച്ചക്കറി കൃഷിയുടെ ജില്ലാതലപ്രഖ്യാപനം ആലപ്പുഴയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിനിലം നികത്തിയാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന് കൂട്ടുനില്‍ക്കാനാവില്ല. കര്‍ഷകസംഘമടക്കമുള്ള സംഘടനകള്‍ ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയേ മതിയാകു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവ്യത്യാസം മരിച്ചാലും മാറില്ല.
കൃഷിനിലം ഇല്ലാതാക്കിയുള്ള മെഡിക്കല്‍ കോളജ് കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കര്‍ഷകരും തയാറാകണമെന്ന് സുധാകരന്‍ പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ഡോ. കെ.ജി. പത്മകുമാര്‍, ഡോ. ലീനാകുമാരി കെ പ്രസാദ്, കെ.ഡി. മഹീന്ദ്രന്‍, ലീല അഭിലാഷ്, ജി. ഹരിശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.