ഓപ്പറേഷന്‍ കുബേര: പരാതിപ്പെട്ടി സ്‌റ്റേഷന്‍ മൂലയില്‍

EKM-OPERATIONKUBERAഅങ്കമാലി: കൊള്ള പലിശക്ക് പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും നാട്ടില്‍ പെരുകുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള പരാതിപ്പെട്ടി സ്‌റ്റേഷന്‍ മൂലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. അനധികൃതമായി പണം  കൊള്ള പലിശക്കു നല്‍കുന്ന വ്യക്തികള്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടരെ നിയന്ത്രിക്കുന്നതിനും ബ്ലേഡ് മാഫിയയുടെ നീരാളിപ്പിടിയില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുന്നതിനുമായിട്ടാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ സംസ്ഥാന മെമ്പാടും നടപടികള്‍ ആരം ഭിച്ചത്. അമിത പലിശക്ക് പണം നല്‍കുന്നവര്‍ മുതലും പലിശയും തിരികെ പിടിക്കാന്‍ ഗുണ്ടാസംഘങ്ങളുടെ സഹായങ്ങള്‍ തേടിയതോടെ ക്രമസമാധാന പ്രശ്‌നമായും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കി.

അങ്കമാലി മേഖലയില്‍ ഇത്തരത്തിലുള്ള വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ചിലര്‍ക്കെതിരെ റെയ്ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുത്ത് കേസെടുക്കാനായെങ്കിലും വന്‍ സ്രാവുകള്‍ രക്ഷപ്പെടുകയായിരുന്നു. റെയ്ഡ് വിവരീ മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം കാറുകളിലേക്ക് മാറ്റി കാര്‍ ഒളിപ്പിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പണം കടം നല്‍കുമ്പോള്‍ ബ്ലാങ്ക് മുദ്രപത്രങ്ങള്‍ ഒപ്പിട്ട് വാങ്ങി പിന്നീട് ഭൂമി വിറ്റതിന്റെ കരാര്‍ ഉണ്ടാക്കി ഭൂമി തട്ടിയെടുത്ത നിരവധി സം ഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വില്പന ഉടമ്പടി എഴുതിച്ചേര്‍ത്ത് കോടതിയില്‍ കേസ് നല്‍കുകയാണിവരുടെ രീതി. പോലീസില്‍ പരാതി നല്‍കിയാല്‍ സിവില്‍ കേ സാണെന്നു പറഞ്ഞ് ബ്ലേഡ് മാഫിയ  പോലീസിനെയും വിരട്ടുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് ബ്ലേഡ്, വട്ടിപ്പലിശ സംഘങ്ങള്‍ സജീവമായ സമയത്താണ്  ഇവര്‍ക്കെതിരെയുള്ള പരാതികള്‍ എഴുതിയിടാന്‍ ഉണ്ടാക്കിയ പരാതിപ്പെട്ടി സ്‌റ്റേഷന്‍ മൂലയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരത്തിലുള്ള പരാതിപ്പെട്ടി സ്ഥാപിച്ചിരുന്നത്.നിരവധി പരാതികള്‍ ഈ പരാതിപ്പെട്ടികള്‍ വഴി ലഭിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

Related posts