സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഹാസ്യസാഹിത്യത്തിന് പ്രാധാന്യം കുറയുന്നുവെന്നും ഈ രംഗത്തേക്ക് കൂടുതല്‍ പേര് കടന്നുവരണമെന്നും ഹാസസാഹിത്യകാരന് സുകുമാര്‍. സാഹിത്യ അക്കാദമിയും വൈഎംസിഎയും സംയുക്തമായി വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച പ്രമുഖ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഫലിതം ചേര്‍ത്തല്ലാതെ തനിക്ക് ഒന്നും സംസാരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിന്റെ ഈ ഒരു വിഭാഗം വര്‍ഷങ്ങളോളം കൈകാര്യം ചെയ്യാന്‍ സാധിച്ചതില്‍ തനിക്കു സന്തോഷമുണ്ട്. ഹാസ്യത്തിന് ഇന്നും നിറഞ്ഞ സദസുണ്ടെന്ന് നര്‍മകൈരളിയുടെ തന്നെ പ്രോഗ്രാമുകള്‍ തെളിയിക്കുന്നു.
എല്ലാ വിഷയങ്ങളും ഹാസ്യാത്മകമായി കാണുന്നതിന് ഇന്ന് തനിക്കു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക പ്രാധാന്യമുള്ള രചനകളുമായി പുതിയ ഹാസസാഹിത്യകാരന്മാര്‍ മുന്നോട്ടു വരണം. പുതുമയുള്ള രചനകള്‍ കണ്ടെത്തണം. പുതിയ തലമുറ ഹാസ്യസാഹിത്യരംഗത്തേക്കു വരുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം. ഗൗരവമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അതേക്കുറിച്ച് വളരെ ലാഘവത്തോടെ എഴുതുകയാണ് ഹാസസാഹിത്യകാരന്മാര്‍ ചെയ്യുന്നതെന്നും സുകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ ശതാഭിഷിക്തനാകുന്ന സുകുമാറിനെ സാഹിത്യ അക്കാദമിയും വൈഎംസിഎയും സംയുക്തമായി ആദരിച്ചു. മുഖാമുഖം പരിപാടിയില്‍ സാഹിത്യഅക്കാദമി ഉപദേശക സമിതി അംഗം ഡോ.കായംകുളം യൂനസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ തിരുവനന്തപുരം വൈഎംസിഎ പ്രസിഡന്റ് കെ.വി.തോമസ് അധ്യക്ഷനായിരുന്നു. ഗ്രന്ഥലോകം അസിസ്റ്റന്റ് എഡിറ്റര്‍ എസ്.ആര്.ലാല്‍, ചെറുകഥാകൃത്ത് കെ.എം.അന്ത്രു, വൈഎംസിഎ ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ്, പി.പി.വര്‍ഗീസ്, സി.ടി. സോജന് തുടങ്ങിയവര്‍ പങ്കെടുത്തു.