പിറവം: ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ നാളെ പിറവത്ത് എത്തും. പാഴൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂളില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി രാവിലെ 9.30ന് കമ്മീഷണര്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീളുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.
നഗരസഭയുടെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. “ഉണരൂ-ജീവിക്കൂ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്ലാസുകളും, ലഘു നാടകങ്ങളുമൊക്കെ നടത്തും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ആന്‍ഡി നര്‍ക്കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.
പിറവം എക്‌സൈസ് വകുപ്പിന്റേയും, നഗരസഭയുടേയും, വിവേകാനന്ദ പബ്ലിക് സ്കൂളിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ വിളംബര ജാഥ ടൗണില്‍ നടന്നിരുന്നു. പിറവം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.സി. കുര്യാക്കോസ്, എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.കെ. മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കൗണ്‍സിര്‍മാരായ അരുണ്‍ കല്ലറയ്ക്കല്‍, മെബിന്‍ ബേബി, സോജന്‍ ജോര്‍ജ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.ആര്‍. പ്രദീപ്കുമാര്‍, പ്രിന്‍സിപ്പല്‍ കെ.സി. രാജേഷ്, കെ.ജി. നാരായണന്‍ നായര്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.