കാണാതായ വിമാനം പഴഞ്ചന്‍? ഹൈഡ്രോളിക് ലീക്കേജുള്ളതാണ് വിമാനം; ത്രോട്ടില്‍ മൂവ്‌മെന്റ് വേഗം കുറഞ്ഞതുള്‍പ്പെടെ ഗുരുതരമായ തകരാറുകള്‍; യാത്ര പുറപ്പെട്ടത് ഇതെല്ലാം അവഗണിച്ച്

air2കോഴിക്കോട്: ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലേക്കു പുറപ്പെട്ട വിമാനം പഴഞ്ചനായിരുന്നെന്നും യാത്രായോഗ്യമല്ലായിരു ന്നെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഡ്രോളിക് ലീക്കേജുള്ളതാണ് വിമാനമെന്ന് ഈമാസം നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നതാണ്. ഇതു മാത്രമല്ല, ത്രോട്ടില്‍ മൂവ്‌മെന്റ് വേഗംകുറഞ്ഞതുള്‍പ്പെടെ ഗുരുതരമായ തകരാറുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വിമാനം യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികള്‍ക്കായി പ്രാര്‍ഥനയോടെ നാട്. കാക്കൂര്‍ തച്ചൂര്‍ അപ്പുനിവാസില്‍ രാജന്റെ മകന്‍ സജീവ്കുമാര്‍(38), കക്കോടി കോട്ടൂപ്പാടം സ്വദേശി ചെറിയാമ്പത്ത് പരേതനായ വാസുനായരുടെ മകന്‍ ഐ.പി. വിമല്‍ (30) എന്നിവരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. വിമാനം കാണാതായെന്നും തെരച്ചില്‍ തുടരുന്നുവെന്നുമുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പോര്‍ട്ബ്‌ളെയറില്‍ നേവി ഉദ്യോഗസ്ഥനാണ് സജീവ്കുമാര്‍. വിമല്‍ കാര്‍ണിക്കോബാറിലെ മിലിട്ടറി എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്യുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന സജീവ് ഒരു വര്‍ഷം മുമ്പാണ് പോര്‍ട്ബ്‌ളെയറിലെത്തിയത്.

പതിനാലു വര്‍ഷമായി നേവിയില്‍ ഉദ്യോഗസ്ഥനാണ്. ബംഗളൂരുവില്‍ മൂത്രാശയസംബന്ധമായ അസുഖത്തിന് ചികിത്സക്കെത്തിയതായിരുന്നു സജീവ്. രണ്ടു മാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കു വിധേയനായി രണ്ടാഴ്ച മുമ്പാണ് വിദഗ്ധചികിത്സക്ക് ബംഗളൂരുവിലേക്ക് പോയത്. ജൂണ്‍ നാലിനാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ ജെസിയും മകള്‍ ദിയാലക്ഷ്മിയും പോര്‍ട്ബ്‌ളെയറിലാണ്.

സജീവിന്റെയും വിമലിന്റെയും വീട് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ ഇന്നു രാവിലെ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32 യാത്രാവിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെയാണു കാണാതായത്. വിമാനത്തില്‍ ആറു ജീവനക്കാരുള്‍പ്പെടെ 29 സൈനികോദ്യോഗസ്ഥരുണ്ട്. വ്യോമ, നാവിക, തീരസംരക്ഷണ സേനകളുടെ നേതൃത്വത്തില്‍ വിമാനത്തിനായി തെരച്ചില്‍ ശക്തമാക്കി. എട്ടു വിമാനങ്ങളും 13 കപ്പലുകളും ഒരു അന്തര്‍ വാഹിനിയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
വിമാനജീവനക്കാരില്‍ രണ്ടു പേര്‍ പൈലറ്റുമാരും ഒരാള്‍ നാവിഗേറ്ററുമാണ്. ഒരു ഓഫീസര്‍ ഉള്‍പ്പെടെ 11 വ്യോമസേനാംഗങ്ങള്‍, രണ്ടു കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണസേനാംഗം, ആര്‍മമെന്റ് ഡിപ്പോ ജീവനക്കാരുള്‍പ്പെടെ ഒമ്പത് നാവികസേനാംഗങ്ങള്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്നത്.

ഇന്നലെ രാവിലെ 8.30നാണ് ചെന്നൈ താംബരം എയര്‍ബേസില്‍നിന്നു പതിവു സര്‍വീസിനായി പോര്‍ട്ട്‌ബ്ലെയറിലേക്ക് എഎന്‍-35 വിമാനം പുറപ്പെട്ടത്. വിമാനം 11.30ന് പോര്‍ട്ട് ബ്ലെയറില്‍ എത്തേണ്ടതായിരുന്നു. 8.46നാണു വിമാനത്തില്‍നിന്ന് അവസാന റേഡിയോ സന്ദേശം ലഭിച്ചത്. അവസാന സിഗ്നല്‍ ലഭിക്കുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. യാത്രാമധ്യേ വിമാനം കാണാതായെന്നു വ്യോമസേനാ വക്താവ് വിംഗ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു.

ഇന്ധനം നിറച്ച് നാലു മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ വിമാനത്തിനു ശേഷിയുണ്ടെന്നു പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യോമസേനയുടെ രണ്ട് എഎന്‍-32, സി-130, വിമാനങ്ങള്‍, നേവി പൂര്‍വ കമാന്‍ഡിന്റെ രണ്ടു ഡോണിയര്‍ വിമാനങ്ങള്‍, തീരസംരക്ഷണസേനയുടെ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എട്ടു വിമാനങ്ങളും 13 കപ്പലുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നത്. രണ്ടു ഡോണിയര്‍ വിമാനങ്ങളും നാലു കപ്പലുകളുമായി തീരസംരക്ഷണ സേനയും തെരച്ചില്‍ നടത്തുന്നു.

പ്രധാനപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് വിമാനം

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത ആന്റനോവ് (എഎന്‍) 32 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും പ്രധാന ട്രാന്‍സ്‌പോര്‍ട്ട് വിമാനവിഭാഗമാണ്. സൈനികരെ കൊണ്ടുപോകാനും ചരക്കുകള്‍ എത്തിക്കാനും ഉപയോഗിക്കുന്ന ഇവ 1984 മുതല്‍ സേനയിലുണ്ട്. ഈ വര്‍ഷമാദ്യം 105 എഎന്‍ 32 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. മണിക്കൂറില്‍ 530 കിലോമീറ്റര്‍വരെ വേഗമുണ്ട്. 8000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കും. ലഡാക്കിലെ ലേയിലും മറ്റും ഉപയോഗിക്കുന്നത് ഇവയാണ്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷംമൂലം എഎന്‍ 32 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ട സാമഗ്രികള്‍ കിട്ടുന്നില്ല.

ഏറെ ഉപയോഗിക്കപ്പെടുന്ന എഎന്‍ 32 വിമാനങ്ങള്‍ക്ക് കുറെ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. പ്രധാന അപകടങ്ങള്‍:
1986 മാര്‍ച്ച് 22: കാഷ്മീരിലെ കിഷ്ത്വാറില്‍ തകര്‍ന്നുവീണു. മരണം 17.
1986 മാര്‍ച്ച് 25: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വരുന്ന വഴി ഇന്ത്യാ സമുദ്രത്തില്‍ തകര്‍ന്നുവീണു. ഏഴു മരണം.
1988 ഒക്‌ടോബര്‍ 4: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തകര്‍ന്നു; മരണം 10.
1990 ജൂലൈ 15: കേരളത്തിലെ പാലോട്ട് വനമേഖലയില്‍ തകര്‍ന്നു വീണു; മരണം 6.
1992 ഏപ്രില്‍ 1: ചണ്ഡിഗഡില്‍ പരിശീലനത്തിനിടെ രണ്ട് എഎന്‍ 32 വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മരണം 8.
1999 മാര്‍ച്ച് 7: ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണു; മരണം 21.
2000 ഫെബ്രുവരി 23: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണു.
2009 ജൂണ്‍ 9: അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണു; മരണം 13.
2014 സെപ്റ്റംബര്‍ 20: ചണ്ഡിഗഡില്‍ തകര്‍ന്നുവീണു; ആളപായമില്ല.

Related posts