തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന യുവാക്കളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടു. സര്‍ക്കാര്‍ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ ഉറപ്പ് നല്കാത്തതിനാല് യുവാക്കള്‍ സമരവുമായി മുന്നോട്ട് പോകുകയാണ്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിലേക്ക് 2010-ല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കളാണ് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി സമരവുമായി മുന്നോട്ട് പോകുന്നത്.
ഇന്നലെ മരത്തിലും കെട്ടിടത്തിലും കയറിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്മരത്തിന് മുകളില്‍ കയറിയ യുവാക്കള്‍ വൈകുന്നേരത്തോടെ നിലത്തിറങ്ങി. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ കയറിയ യുവാക്കള്‍ താഴെ ഇറങ്ങിയിട്ടില്ല. അഞ്ച് യുവാക്കളാണ് സെക്രട്ടറിയേറ്റിന് എതിര്‍വശത്തെ കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്.
ഇന്നലെ സിപിഎം എം.സ്വരാജ് എംഎല്‍എ, വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റൊയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നളിനി നെറ്റൊയും സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിയമനകാര്യത്തില്‍ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാല്‍ യുവാക്കള്‍ സമരത്തില്‍ നിന്നു പിന്മാറിയില്ല.