വേദനയ്ക്കുന്നവരുടെ കണ്ണീരൊപ്പുന്നതാണ് യഥാര്‍ഥ മനുഷ്യത്വം: മന്ത്രി കെ.രാജു

klm-rajuകൊട്ടാരക്കര: സമൂഹത്തില്‍ വേദനിയ്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നതാണ് യഥാര്‍ഥ മനുഷ്യത്വമെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു.കലയപുരം ആശ്രയസങ്കേതത്തില്‍ പുതുതായി പണികഴിപ്പിച്ച അന്നദാനമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അത്തരം മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്.

ആധുനിക യുഗത്തില്‍ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് അന്നവും അഭയവും നല്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പല പരിമിതികളും ഉള്ളതിനാല്‍ ആശ്രയയപോലുള്ള സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്.

സാമൂഹ്യസേവനരംഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന അതേയവസരത്തില്‍ തന്നെ ജൈവപച്ചക്കറി ഉദ്പാദനം, ക്ഷീരമേഖലയിലെ സ്വയംപര്യാപ്തത, പരിസ്ഥിതിസംരക്ഷണം എന്നീ രംഗങ്ങളില്‍ക്കൂടി പ്രവര്‍ത്തനമേഖലകള്‍ വ്യാപിപ്പിക്കണം. കാരണം അതിര്‍ത്തികടന്നുവരുന്ന പച്ചക്കറി, പാല്‍ ഉത്പന്നങ്ങള്‍ കേരളക്കരയെ മുഴുവന്‍ രോഗാതുരമാക്കികൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹ്യസ്ഥിതിയില്‍ പുതിയൊരു ജൈവകേരളം രൂപപ്പെടുത്തിയെടുക്കേണ്ടത് ഏവരുടെയും കടമയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ രോഗങ്ങളുടെ തടവറയില്‍ മരണഭയത്തോട് കഴിയുന്നവര്‍ക്ക് ആശ്വസം പകരാന്‍ കഴിയുന്നത് ഏറ്റവും വലിയ ദൈവ സ്‌നേഹമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വിശപ്പിന്റെ വിലയറിഞ്ഞവര്‍ക്ക് അന്നം നല്‍കുമ്പോഴാണ് അത് നിഷ്കാമ കര്‍മമായി തീരുന്നതെന്ന് മോഡേണ്‍ കിച്ചണ്‍ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പി.ഐഷാപോറ്റി എംഎല്‍എ പറഞ്ഞു.

ആശ്രയ സങ്കേതം പ്രസിഡന്റ് സന്തോഷ് കെ.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കലയപുരം ജോസ്, ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവന്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രകുമാരി ടീച്ചര്‍, വാര്‍ഡ് അംഗം സൂസമ്മ ബേബി, സി.ജി.സാംകുട്ടി, ഡോ.പ്രഫ.ജി. ഹെന്‍ട്രി, കെ.രാമചന്ദ്രന്‍പിള്ള, ഏബ്രഹാം മാത്യു, ചിന്നമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts