ചേര്‍ത്തല: വിദേശത്തുള്ള ഭാര്യയെയും കുട്ടികളെയും സ്വീകരിക്കാന്‍ നാട്ടിലെത്തിയ സിബിഐ പബ്ലിക് പ്രോസിക്യൂട്ടര്‍ വീട്ടു വളപ്പിലെ കുളത്തില്‍ മുങ്ങിമരിച്ചു. തണ്ണീര്‍ മുക്കം പഞ്ചായത്ത് 22-ാം വാര്‍ഡ് ഭഗവതി പറമ്പ് വീട്ടില്‍ സുബ്രഹ്മണ്യപിള്ളയുടെ മകന്‍ കൃഷ്ണകുമാര്‍ (49) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
മുംബൈയില്‍ സിബിഐ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് കൃഷ്ണകുമാര്‍. ലണ്ടനിലുള്ള ഭാര്യയും കുട്ടികളും വെള്ളിയാഴ്ച നാട്ടില്‍ വരുന്നതിനുമുമ്പു അവരെ സ്വീകരിക്കാനായി കഴിഞ്ഞദിവസമാണ് കൃഷ്ണകുമാര്‍ മുംബൈയില്‍ നിന്നും എത്തിയത്. സംസ്കാരം പിന്നീട്.
വീടും പരിസരവും വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി വീടിനു കിഴക്കുവശത്തെ കുളത്തില്‍ നിന്നും പായല്‍ വാരുന്നതിനിടെയാണ് അപകടം. കുളത്തില്‍ നിന്നും കൃഷ്ണകുമാര്‍ വാരുന്ന പായല്‍ ജോലിക്കാര്‍ ചുമന്ന് പറമ്പിലെ തെങ്ങുകള്‍ക്കു ഇടുകയായിരുന്നു. തെങ്ങിനു പായല്‍ ഇട്ടതിനുശേഷം തിരിച്ചെത്തിയ ജോലിക്കാര്‍ നോക്കിയപ്പോള്‍ കുളത്തില്‍ കൃഷ്ണകുമാറിനെ കണ്ടില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : രാജലക്ഷ്മി (രേഷ്മ, ലാബ് ടെക്‌നീഷ്യന്‍,ലണ്ടന്‍). മക്കള്‍ : കരണ്‍,രോഹിന്‍ (ഇരുവരും വിദ്യാര്‍ഥികള്‍, ലണ്ടന്‍).